കരുവാരകുണ്ടിൽ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി
1536067
Monday, March 24, 2025 5:55 AM IST
കരുവാരകുണ്ട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ മാനദണ്ഡമനുസരിച്ചുള്ള ഗ്രേഡുകൾ നേടിയതിന്റെ ഫലമായിട്ടാണ് പ്രഖ്യാപനം നടന്നത്. മലപ്പുറം ജില്ലയിൽ തന്നെ മാതൃകാപരമായ കാന്പയിൻ പരിപാടികളാണ് വിദ്യാലയങ്ങൾ ഏറ്റെടുത്തിരുന്നത്.
ഇതിനായി 599 അധ്യാപകർക്ക് പരിശീലനം നൽകി. സ്കൂൾതല മെഗാ ക്ലീനിംഗ്, ഫ്രീഡം ഫ്രം വേയ്സ്റ്റ് കാന്പയിൻ, സ്കൂളുകൾ വാർഡ് ഏറ്റെടുക്കൽ, കുട്ടികളുടെ നിയമസഭ, ഹരിതസഭ, ബദൽ ഉത്പന്ന നിർമാണം, കുട്ടികളുടെ കലാജാഥകൾ, 582 ബോധവത്കരണ ക്ലാസുകൾ തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. പ്രഖ്യാപന പരിപാടിയുടെ ഉദ്ഘാടനം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമ്മു നിർവഹിച്ചു.
വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തി. കാന്പയിൻ ബ്ലോക്ക് കോ ഓർഡിനേറ്റർ കേശവദാസ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ടി.കെ. ഉമ്മർ, ജനപ്രധിനിധികൾ, അധ്യാപകർ എന്നിവർ സംബന്ധിച്ചു.