തേഞ്ഞിപ്പലത്തെ കൃഷിക്കാരൻ ഒഡീഷക്കാരൻ സുക്രു
1536041
Monday, March 24, 2025 5:26 AM IST
തേഞ്ഞിപ്പലം: കൃഷിയിടത്തിലേക്ക് ഇറങ്ങാൻ കേരളക്കരയിൽ ആളില്ലാത്ത കാലത്ത് ഇതര സംസ്ഥാനത്തു നിന്നെത്തി സ്വന്തമായി കൃഷി ചെയ്ത് വിജയം കൊയ്യുകയാണ് സുക്രുവെന്ന ഒഡീഷക്കാരൻ.
കൂലിപ്പണിക്കായി വന്ന് കൃഷിക്കാരനായി മാറിയ ഒഡീഷ സ്വദേശി സുക്രു തേഞ്ഞിപ്പലം ചൊവ്വയിൽ പാടത്തെ രണ്ടേക്കറോളം പാടം പാട്ടത്തിനെടുത്ത് വാഴ, മരച്ചീനി, പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. 16 വർഷം മുന്പാണ് 38 കാരനായ സുക്രു ഒഡീഷയിലെ നവർഗ് പൂർ ജില്ലയിൽപ്പെട്ട മൊകൃ സിലഗുഡയിൽ നിന്ന് കേരളത്തിലേക്ക് വന്നത്. ഏറെ കാലം കൂലിപ്പണിക്കാരനായിരുന്നു.
ഇതിനിടയിൽ പലപ്പോഴും കൃഷിപ്പണിക്കുമിറങ്ങി. പിന്നീട് എല്ലാ ദിവസങ്ങളിലും കൃഷിപ്പണി തന്നെയായിരുന്നു. അങ്ങനെയാണ് മൂന്ന് വർഷം മുന്പ് കുറച്ച് സ്ഥലം പാട്ടത്തിനെടുത്ത് സ്വന്തമായി കൃഷി തുടങ്ങിയത്. വർഷങ്ങളോളം കൃഷിപ്പണിയിൽ ഉണ്ടായ പരിചയവും തഴക്കവും സ്വന്തമായി കൃഷി ചെയ്യാൻ പ്രേരണയായി. സുക്രുവിനിപ്പോൾ ചൊവ്വയിൽ പാടത്ത് രണ്ടേക്കറോളം സ്ഥലത്ത് കൃഷിയുണ്ട്.
1200 ലധികം നേന്ത്ര വാഴകൾ ഇത്തവണ സുക്രു കൃഷിയിറക്കിയിട്ടുണ്ട്. ഇക്കുറി നേന്ത്രപ്പഴത്തിന് മികച്ച വില ലഭിച്ചതിനാൽ സുക്രുവിന് കൃഷി നേട്ടമായി. ഭാര്യ ഗോസാ മോണി സോറയും കൃഷിയിടത്തിൽ സഹായിയായിട്ടുണ്ട്. ശങ്കർ മകനാണ്. തേഞ്ഞിപ്പലത്ത് തന്നെ കുറച്ച് സ്ഥലം വാങ്ങി വീടുവച്ച് കുടുംബ സമേതം താമസിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. നാട്ടുകാരുടെ കൂടെ പിന്തുണയിലാണ് സുക്രുവിന്റെയും കുടുംബത്തിന്റെയും കേരളീയ ജീവിതം.