മഞ്ചേരി മെഡിക്കൽ കോളജിലെ ഫീസ് വർധന: യൂത്ത് കോണ്ഗ്രസ് പ്രതിഷേധിച്ചു
1535672
Sunday, March 23, 2025 5:54 AM IST
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ സേവന നിരക്കുകളും ഒപി ടിക്കറ്റ് നിരക്കും പാർക്കിംഗ് ഫീസും സന്ദർശന പാസ് നിരക്കുമുൾപ്പെടെ കുത്തനെ വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജ് കവാടത്തിൽ "ആതുരാലയമല്ലിത് കൊള്ളസങ്കേതം’ എന്ന ബോർഡ് സ്ഥാപിച്ച് യൂത്ത് കോണ്ഗ്രസ് പ്രതിഷേധിച്ചു.
ആശുപത്രി നടത്തിപ്പിന് പണം തികയാത്തതിന് സർക്കാരിൽ നിന്നോ മറ്റു സന്നദ്ധ സംഘടനകളിൽ നിന്നോ പണം കണ്ടെത്തുന്നതിന് പകരം പൊതുജനത്തെ കൊള്ളയടിക്കാനുള്ള തീരുമാനം ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം അതിശക്തമായ പ്രതിരോധ സമരങ്ങൾക്ക് യൂത്ത് കോണ്ഗ്രസ് നേതൃത്വം നൽകുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
പ്രതിഷേധം കെപിസിസി മെന്പർ റഷീദ് പറന്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയിൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് സുബൈർ വീന്പൂർ, യുഡിഎഫ് ചെയർമാൻ ഹനീഫ മേച്ചേരി, അസംബ്ലി യൂത്ത് കോണ്ഗ്രസ് ഉപാധ്യക്ഷൻ മുഫസിർ നെല്ലിക്കുത്ത്, അമൽ കൃഷ്ണകുമാർ, മുസമ്മിൽ വീന്പൂർ, നസീബ് യാസിൻ, ഹനീഫ ചാടിക്കല്ല്, അസീബ് നറുകര, അക്തർ സാലി തുടങ്ങിയവർ പ്രസംഗിച്ചു.