സർക്കാർ ആതുരാലയം ചീഞ്ഞുനാറുന്നു; പ്രതിഷേധവുമായി നാട്ടുകാർ
1535393
Saturday, March 22, 2025 5:41 AM IST
മഞ്ചേരി: അധികൃതരുടെ അനാസ്ഥ മൂലം മാലിന്യം കെട്ടിക്കിടന്ന് സർക്കാർ ആശുപത്രി ചീഞ്ഞുനാറുന്നു. മഞ്ചേരി പയ്യനാട് പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിയിലാണ് ഈ ദുരവസ്ഥ. 2016 ലെ ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് റൂൾ പ്രകാരം 48 മണിക്കൂറിനുള്ളിൽ നശിപ്പിക്കേണ്ട മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ശുചിമുറിക്കകത്താണ് കൂട്ടിയിട്ടിരിക്കുന്നത്.
മരുന്നുകുപ്പികളും സിറിഞ്ചുകളുമടക്കമുള്ള മാലിന്യക്കൂന്പാരത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നു. ഇത്തരം മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഇമേജ് ബയോമെഡിക്കൽ വേസ്റ്റിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഫീസ് കെട്ടിവയ്ക്കണം. ഇതിനായി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഫണ്ട് ഉപയോഗിക്കാവുന്നതാണ്. എന്നാൽ പയ്യനാട് ഹോസ്പിറ്റൽ അധികൃതർ നാളിതുവരെ ഇതിനു മുതിർന്നിട്ടില്ല.
കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം രോഗികൾക്ക് കൂട്ടിരിപ്പുകാർക്കും ദുരിതമായതോടെ ഇന്നലെ നാട്ടുകാർ സിപിഎം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെത്തി കുത്തിയിരിപ്പു സമരം നടത്തി. ഇതോടെ മഞ്ചേരി നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പരിശോധന നടത്തി.
തുടർന്ന് സമരക്കാരും ആശുപത്രി സൂപ്രണ്ടും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചർച്ച നടത്തി. മൂന്നു ദിവസത്തിനകം മാലിന്യം നീക്കം ചെയ്യാമെന്നും തുടർന്നുണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഇമേജിൽ കൃത്യമായി രജിസ്റ്റർ ചെയ്യാമെന്നുമുള്ള ഉറപ്പിൻമേൽ സമരം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
സിപിഎം ലോക്കൽ സെക്രട്ടറി വി.പി. അസ്കർ, അംഗങ്ങളായ മുജീബ് കുരിക്കൾ, പി.പി. സജിത്ത്, സി.എ. മുഹമ്മദ് ഫായിസ്, ബ്രാഞ്ച് സെക്രട്ടറി എം.പി. ഫൈസൽ, അഡ്വ. ഹാറൂണ് അഷ്റഫ്, ടി. ജയപ്രകാശ്, കെ. അബ്ദുൾകരീം, ഷാനവാസ്, രാധാകൃഷ്ണൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.