ജ്വല്ലറി ഉടമകളെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം: ഒമ്പത് പേര് കൂടി അറസ്റ്റില്‍
1482170
Tuesday, November 26, 2024 5:53 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ കടയടച്ച് വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന കെ.എം.ജ്വല്ലറി ഉടമകളായ യൂസഫിനെയും സഹോദരന് ഷാനവാസിനെയും കാറുകൊണ്ട് ഇടിച്ച് മാരകമായി പരിക്കേല്പിച്ച് മൂന്ന് കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ ഒമ്പത് പേര്
കൂടി പിടിയില്‍. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയും ചെയ്യുന്ന പാറക്കെട്ട് വീട്ടില്‍ വിപിന്‍(36), താമരശേരി അടിവാരം സ്വദേശികളായ ആലംപടി ശിഹാബുദീന്(28), പുത്തന്‍വീട്ടില്‍ അനസ്(27), പിണറായി എരുവെട്ടി സ്വദേശി കിഴക്കേപറമ്പത്ത് അനന്തു(28), തൃശൂര്‍ വെള്ളാനിക്കര സ്വദേശി കൊട്ടിയാട്ടില്‍ കെ.എസ്. സലീഷ്(35), തൃശൂര്‍ കിഴക്കുംപാട്ടുകര സ്വദേശി പട്ടത്ത് മിഥുന് രാജ് എന്ന അപ്പു(37), തൃശൂര്‍ പാട്ടുരക്കല്‍ സ്വദേശി കുറിയേടത്ത് മനയില്‍ അര്ജുന് കെ. നാരായണന് (28), പീച്ചി ആലപ്പാറ സ്വദേശി പയ്യംകോട്ടില്‍ പി.എസ്. സതീഷ്(46), തൃശൂര്‍ കണ്ണറ സ്വദേശി കഞ്ഞിക്കാവില്‍ ലിസണ്‍ സാം (34) എന്നിവരെയാണ് കണ്ണൂര്‍, തൃശൂര്‍, താമരശേരി എന്നിവിടങ്ങളില്‍നിന്ന് കഴിഞ്ഞദിവസം രാത്രിയില്‍ മലപ്പുറം എസ്പി ആര്.വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം സ്വദേശികളായ ശ്രീരജ് വീട്ടില്‍ നിജില്‍ രാജ്(35), ആശാരിക്കണ്ടിയില്‍ പ്രഭിന്‍ലാല്‍(29), തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി കളിയങ്ങര സജിത്ത് കുമാര്‍(39), എളവള്ളി സ്വദേശി കോരാംവീട്ടില്‍ നിഖില്‍(29) എന്നിവര്‍ കവര്‍ച്ച നടത്തി തൃശൂര്‍ ഭാഗത്തേക്ക് കാറില്‍ പോകുമ്പോള്‍ പിടിയിലായിരുന്നു.
കഴിഞ്ഞ 21 ന് രാത്രി എട്ടരയോടെയാണ് സംഭവം. പെരിന്തല്‍മണ്ണ ഊട്ടി റോഡിലെ കെ.എം. ജ്വല്ലറി അടച്ച് സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരന് ഷാനവാസിനെയും കാറില്‍ പിന്തുടര്‍ന്ന സംഘം പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡില്‍ വച്ച് കാര്‍ കുറുകെയിട്ട് ഇടിച്ചുവീഴ്ത്തുകയായിരുന്നു. മറിഞ്ഞുവീണ യൂസഫിന്റെയും ഷാനവാസിന്റെയും കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ച് മുഖത്ത് ഇടിച്ച് പരിക്കേല്പിച്ചു കൈവശമുണ്ടായിരുന്ന മൂന്ന് കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് ആക്രമി സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞയുടന്‍ തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിന്റെ നിര്‍ദേശ പ്രകാരം പാലക്കാട്, തൃശൂര്‍ പോലീസ് രാത്രിയില്‍ ആക്രമി സംഘത്തെ കണ്ടെത്താന്‍ വാഹന പരിശോധനയും പട്രോളിംഗും ശക്തമാക്കി. തൃശൂരില്‍ വച്ച് സംശയാസ്പദമായ രീതിയില്‍ കാണപ്പെട്ട കാര്‍ ഈസ്റ്റ് പോലീസ് തടഞ്ഞു. തുടര്‍ന്ന് കാറിലുണ്ടായിരുന്ന നിജില്‍രാജ്, പ്രബിന്‍ലാല്‍, സജിത്ത് കുമാര്‍, നിഖില്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്. തുടര്‍ന്ന് ഇവരെ പെരിന്തല്‍മണ്ണ പോലീസിന് കൈമാറി.
സംഘത്തിലെ മിഥുന്, സതീഷ്, ലിസണ്‍ സാം, അര്ജുന് എന്നിവര്‍ കവര്‍ച്ചാസ്വര്‍ണം വില്ക്കാന് സഹായിച്ചവരും രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ്. തട്ടിയെടുത്ത സ്വര്‍ണവുമായി 23 ന് തൃശൂര്‍ പട്ടത്ത് മിഥുന്‍രാജ് (അപ്പു), കൊട്ടിയാട്ടില്‍ സലീഷ് എന്നിവര്‍ പീച്ചി ആലപ്പാറ പയ്യന്കോട്ടില് സതീഷിന്റെ വീട്ടിലെത്തി. ഏഴു കഷ്ണങ്ങളായി ഉരുക്കി സൂക്ഷിച്ചിരുന്ന സ്വര്‍ണം വില്ക്കാന് സാധിക്കാത്തതിനാല്‍ സതീഷിനോട് സ്വര്‍ണകട്ടകള്‍ വിറ്റു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൈമാറി. തുടര്‍ന്ന് മറ്റൊരു കേസില്‍ ജാമ്യം ലഭിച്ചിരുന്ന സലീഷ് തന്റെ അഡ്വക്കറ്റ് ഓഫീസില്‍ പോയി ജാമ്യപേപ്പര്‍ വാങ്ങി പീച്ചി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാന്‍ എത്തിയ സമയം സംശയം തോന്നിയ പീച്ചി പോലീസ് പെരിന്തല്‍മണ്ണ പോലീസിനെ വിവരം അറിയിച്ചതോടെ, പെരിന്തല്‍മണ്ണ പോലീസ് സലീഷിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സലീഷിനെ ചോദ്യം ചെയ്തതോടെ മിഥുന് എന്ന അപ്പുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറച്ച് സ്വര്‍ണം സതീഷിന്റെ സുഹൃത്തായ സ്വര്‍ണക്കടയില്‍ ജോലി ചെയ്യുന്ന ലിസന്‍ സാമിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. ഏഴു കഷ്ണങ്ങളാക്കിയ സ്വര്‍ണത്തിന്റെ ആറ് കഷ്ണവും ലഭിച്ചതായും വിറ്റ സ്വർണത്തിന്റെ തുക ലഭിച്ചതായും പോലീസ് അറിയിച്ചു. 2.2 കിലോഗ്രാം സ്വര്‍ണമാണ് പ്രതികളിൽനിന്ന് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി.കെ. ഷൈജു, ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്, പോത്തുകല്‍ ഇന്‍സ്പെക്ടര്‍ എ. ദീപകുമാര്‍, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ പി.സംഗീത്, പെരുമ്പടപ്പ് ഇന്‍സ്പെക്ടര്‍ സി.വി. ബിജു, പെരിന്തല്‍മണ്ണ എസ്ഐമാരായ എന്‍.റിഷാദലി, ഷാഹുല്‍ഹമീദ്, എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ പോലീസും മലപ്പുറം ജില്ലാ ഡാന്‍സാഫ് സ്ക്വാഡുകളുമാണ് അന്വേഷണം നടത്തിയത്.