ഉപ്പട ആനക്കല്ലിലെ ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദം ; ഭയപ്പെടേണ്ടതില്ലെന്ന് ശാസ്ത്രജ്ഞര്‍
1481358
Saturday, November 23, 2024 5:38 AM IST
എടക്കര: ഭൂമിക്കടിയില്‍ നിന്ന് തുടര്‍ച്ചയായ ശബ്ദവും പ്രകമ്പനവും ഉണ്ടായ പോത്തുകല്‍ പഞ്ചായത്തിലെ ഉപ്പട ആനക്കല്ല് പ്രദേശത്ത് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് (എന്‍സിഇഎസ്എസ്) ശാസ്ത്രജ്ഞര്‍ പരിശോധനയ്ക്കെത്തി. ഭയപ്പെടേണ്ട ഒരു സാഹചര്യവും പ്രദേശത്തില്ലെന്നും പീച്ചിയിലും കണ്ണൂരിലുമുള്ള സിസ്മിക് സ്റ്റേഷനില്‍ നിന്ന് ലഭിച്ച ഡാറ്റ പ്രകാരം 1.5 മാഗ്നിറ്റ്യൂഡിന് മുകളിലുള്ള പ്രകമ്പനങ്ങള്‍ പ്രദേശത്ത് റിക്കാഡ് ചെയ്യപ്പെട്ടിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.
കാലപ്പഴക്കം ചെന്ന വിള്ളലുകളാണ് കെട്ടിടങ്ങള്‍ക്കുള്ളതെന്നും കണ്ടെത്തി. പ്രദേശവാസികളുമായി സംസാരിച്ച സംഘം, കേരളത്തില്‍ പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അടുത്ത രണ്ടുമൂന്ന് മാസം പ്രദേശം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുമെന്നും അറിയിച്ചു.
ശേഷം ജില്ലാ കളക്ടര്‍ വി.ആര്. വിനോദുമായി മലപ്പുറം കളക്ടറേറ്റില്‍ കൂടിക്കാഴ്ച നടത്തിയ ശാസ്ത്രജ്ഞര്‍, ധാരാളം കുഴല്‍ക്കിണറുകള്‍ ചെറിയ ചുറ്റളവില്‍ കാണപ്പെടുന്നതും ഇതില്‍ നിന്നുണ്ടാകുന്ന അമിത വെള്ളത്തിന്റെ ഉപയോഗമോ പാറകള്‍ തെന്നിമാറുന്നതോ ഇത്തരം ശബ്ദങ്ങള്‍ക്കും പ്രകമ്പനങ്ങള്‍ക്കും കാരണമാകാറുണ്ടെന്നും പുതുതായി പ്രകമ്പനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും അറിയിച്ചു.
സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെയും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെയും നിര്‍ദേശ പ്രകാരമാണ് എന്‍സിഇഎസ്എസ് സംഘം പരിശോധനയ്ക്കെത്തിയത്. ശാസ്ത്രജ്ഞരായ സുരേഷ് കുമാര്‍, രുദ്ര മോഹന്‍ പ്രദാന്‍, സാങ്കേതിക വിദഗ്ധന്‍ കെ. എല്‍ദോസ് എന്നിവരാണ് പരിശോധനയ്ക്കെത്തിയത്.