ആലിപ്പറമ്പ് പഞ്ചായത്ത് ഓഫീസിൽ എത്തുന്നവര്‍ക്ക് ഇനി ചായ നല്കി സ്വീകരണം
1481971
Monday, November 25, 2024 6:25 AM IST
ആലിപ്പറമ്പ്: ആലിപ്പറമ്പ് പഞ്ചായത്ത് ഓഫീസ് സന്ദര്ശിക്കുന്നവര്ക്കിനി ഒരു കപ്പ് ചായയുടെ ഉന്മേഷത്തില് സ്വീകരണം. പഞ്ചായത്ത് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങള്‍ക്ക് വരുന്ന പൊതുജനങ്ങള്‍ക്ക് സൗജന്യമായി ചായയും കാപ്പിയും നല്കി സ്വീകരിക്കുവാന്‍ ഭരണ സമിതി തീരുമാനിച്ചു. ബാങ്ക് ഓഫ് ബറോഡ തൂത ബ്രാഞ്ചിന്റെ സഹായത്തോടെയാണ് പദ്ധതി തുടങ്ങിയത്.
പൊതുജനത്തിന് സേവനം നല്‍കുന്നതിനൊപ്പം അവരെ ചേര്‍ത്തുനിര്‍ത്തുകയാണ് ലക്ഷ്യം. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിനോട് ജോലി അന്വേഷിച്ചെത്തിയ ഭിന്നശേഷിക്കാരനായ ഷഹബാസാണ് കോഫീ മെഷീന് കൈകാര്യം ചെയ്യുക. ജീവനക്കാര്‍ക്കും മെന്പര്‍മാര്‍ക്കും ഡിസ്കൗണ്ട് റേറ്റിലാണ് ചായ നല്‍കുന്നത്. ആ വരുമാനം ഷഹബാസിനുള്ളതാണെന്ന് പ്രസിഡന്റ് കെ.ടി. അഫ്സല് ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. ഒരു കപ്പ് കാപ്പി ബറോഡ ബാങ്ക് മാനേജര്‍ക്ക് നല്കി ഷഹബാസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ബാങ്ക് ഓഫ് ബറോഡ തൂത ബ്രാഞ്ച് മാനേജര്‍ വിപിന്‍ ദിലീപ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാന്മാരായ സി.എച്ച്. ഹമീദ്, സി.പി. ഹംസക്കുട്ടി, ജൂബിലി ലത്തീഫ്, മെന്പര്‍മാരായ അമ്പിളി, ലീന ശാന്തിനീ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.