‘പെരിന്തല്‍മണ്ണ ട്രാഫിക് ജംഗ്ഷന് വികസനത്തിൽ വ്യാപാരികളെ വഴിയാധാരമാക്കരുത് ’
1481363
Saturday, November 23, 2024 5:39 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ട്രാഫിക് ജംഗ്ഷന് വികസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുവാന്‍ കിഫ്ബി 57.78 കോടിയുടെ ധനാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് വ്യാപാരികളെ ബാധിക്കുന്ന ഒരു വികസനത്തിനും വ്യാപാരികള്‍ തയാറല്ലെന്ന് പെരിന്തല്‍മണ്ണ മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2006 ല്‍ പെരിന്തല്‍മണ്ണയിലെ വ്യാപാരികളുടെയും മുന്‍ എംഎല്‍എ ശശികുമാറിന്റെയും സംയുക്ത പരിശ്രമത്തിന്റെ ഫലമായി ഒട്ടേറെ കടകള്‍ പൊളിച്ച് പുനര്‍നിര്‍മിച്ചും വ്യാപാരികളെ കുടിയൊഴിപ്പിച്ചുമാണ് ഇപ്പോഴത്തെ ട്രാഫിക് ജംഗ്ഷന് വികസനം നടപ്പാക്കിയത്.
പുതിയ ജംഗ്ഷന് വികസനം വ്യാപാരികള്‍ക്ക് ദോഷകരമായി ബാധിക്കില്ലെന്നും മാസ്റ്റര്‍ പ്ലാന്‍ അംഗീകാരം ആയിട്ടില്ലെന്നും സ്ഥലം എംഎല്‍എ നജീബ് കാന്തപുരം വ്യക്തമാക്കുന്നുണ്ടെങ്കിലും മുന്നൂറിലധികം വ്യാപാരികള്‍ വഴിയാധാരമാകുന്ന ആശങ്കയിലാണെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
നഗരമധ്യത്തിലെ നാലു റോഡിലും 200 മീറ്റര്‍ നീളത്തിലാണ് ജംഗ്ഷന് വികസിപ്പിക്കുന്നത്. വ്യാപാരികളെ ദോഷകരമായി ബാധിക്കുന്ന പദ്ധതിയുമായി മുന്നോട്ടു പോവുകയാണെങ്കില്‍ നിയമ നടപടികളുമായി നീങ്ങുമെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. പുതുതായി നടപ്പാക്കാന്‍ പോകുന്ന പദ്ധതിയുടെ രൂപരേഖയും മാസ്റ്റര്‍പ്ലാനും മര്‍ച്ചന്റ്സ് അസോസിയേഷനുമായി ചര്‍ച്ച ചെയ്ത് ആസൂത്രണം ചെയ്യണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പി.ടി.എസ്. മൂസു, ജനറല്‍ സെക്രട്ടറി സി.പി. മുഹമ്മദ് ഇഖ്ബാല്‍, ട്രഷറര്‍ കെ. അബ്ദുല്ലത്തീഫ്, സി. ഷൗക്കത്ത് അലി, എം. ബാപ്പു, ലിയാകത്ത് അലി ഖാന് എന്നിവര്‍ പങ്കെടുത്തു.