ജല്‍ജീവന്‍ മിഷന് പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ അപകടക്കെണിയാകുന്നു
1481357
Saturday, November 23, 2024 5:38 AM IST
കരുവാരകുണ്ട്: ശുദ്ധജല വിതരണത്തിനായി ജല്‍ജീവന്‍ മിഷന് പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ച് നിര്‍മിച്ച ചാലുകള്‍ അപകടക്കെണിയൊരുക്കുന്നതായി പരാതി. ചാലുകള്‍ ശരിയായി മൂടാത്തതാണ് വാഹനങ്ങള്‍ അപകടത്തില്പ്പെടാനിടയാക്കുന്നത്. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍ മാത്രം ഇത്തരം ചാലുകളില്‍ പെട്ട് ധാരാളം വാഹനങ്ങള്‍ക്ക് അപകടങ്ങള്‍ സംഭവിച്ചിരുന്നു. പൈപ്പ് ഇടുന്നതിന് സ്ഥാപിച്ച ചാലുകള്‍ മണ്ണിട്ട് മൂടുകയാണ് ചെയ്തിരുന്നത്. മഴ പെയ്തതോടെ ചാലുകളിലെ മണ്ണ് ഒഴുകിപ്പോയി.
റോഡിന്റെ വശങ്ങളില് നിര്‍മിച്ച ചാലുകള്‍ക്കും റോഡിന് കുറുകെ നിര്‍മിച്ച ചാലുകള്‍ക്കും ഇതുതന്നെയാണ് അവസ്ഥ. വീതി കുറഞ്ഞ ഗ്രാമീണ റോഡുകളിലാണ് അപകടങ്ങള്‍ ഏറെ നടക്കുന്നത്. വലിയ വാഹനങ്ങളും ഭാരം കയറ്റിയ വാഹനങ്ങളുമാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവായിട്ടുണ്ട്.
റോഡിന്റെ വശങ്ങള് കോണ്‍ക്രീറ്റ് ചെയ്യുകയോ ടാറിംഗ് നടത്തുകയോ ചെയ്താല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാനാവുകയുള്ളൂവെന്ന് നാട്ടുകാര്‍ പറഞ്ഞു.