നിലമ്പൂര്‍ കോവിലകത്തുമുറിയിലെ വീട്ടില്‍ മോഷണം
1481161
Friday, November 22, 2024 7:08 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ കോവിലത്തുമുറിയില്‍ വീട്ടില്‍ കയറി മോഷണം നടത്തിയതായി പരാതി. ഫോറന്‍സിക് വിഭാഗം പരിശോധന നടത്തുന്നതിനിടയില്‍ നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണാഭരണങ്ങളും പണവും കണ്ടെടുത്തു. നിലമ്പൂര്‍ കോവിലത്തുമുറിയിലെ കണ്ടംപാട്ടില് മാധവരാജിന്റെ വീട്ടിലാണ് ബുധനാഴ്ച ഉച്ചക്ക് ശേഷം മോഷണം നടന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മുന്‍വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറി മോഷണം നടത്തിയതെന്നാണ് മാധവരാജും ഭാര്യ സതീദേവിയും നിലമ്പൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
എട്ട് പവനോളം സ്വര്‍ണവും 46,000 രൂപയും മകളുടെ ഫോണുമാണ് കാണാതായതെന്നാണ് പരാതി. നിലമ്പൂര്‍ പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഇതിനിടെ നഷ്ടപ്പെട്ടുവെന്ന് പറയുന്ന സ്വര്‍ണാഭരണങ്ങളും 30,000 രൂപയും തെരച്ചിലിനിടയില്‍ കണ്ടുകിട്ടി.
നഷ്ടപ്പെട്ടുവെന്ന് പറയുന്ന 46,000 രൂപയില്‍ 30,000 രൂപയും കണ്ടെടുത്തു. അവശേഷിക്കുന്ന 16,000 രൂപയാണ് നഷ്ടമായിട്ടുള്ളത്. മോഷണം പോയെന്ന് കരുതിയ മൊബൈല്‍ ഫോണ്‍ കുതിരപ്പുഴയുടെ ചക്കാലക്കുത്ത് ഭാഗത്ത് നിന്ന് ലഭിച്ചിച്ചിട്ടുണ്ട്. മാധവ് രാജിന്റെ ഭാര്യ സതീദേവി, കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയ കരാട്ട് കുറീസ് ഇന്ത്യാ പ്രൈവറ്റ് ലിമിഡറ്റിന്റെ നിലമ്പൂര്‍ ബ്രാഞ്ച് മാനേജരായിരുന്നു.
സമീപത്തെ സിസി ടിവികള്‍ ഉള്‍പ്പെടെ പരിശോധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങളും 30,000 രൂപയും വീട്ടിനുള്ളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് മാധവരാജ് പറഞ്ഞു. തുണികള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന ബാഗിനുള്ളിലായിരുന്നു 30,000 രൂപ ഉണ്ടായിരുന്നത്.
മോഷ്ടാക്കളെ ഉടന്‍ പിടികൂടണമെന്ന് സിപിഎം കോവിലകത്തുമുറി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.