കെഎസ്ഇബി ജീവനക്കാരനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു
1481354
Saturday, November 23, 2024 5:38 AM IST
വണ്ടൂര്‍: വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ ടൗണില്‍ കെഎസ്ഇബി ജീവനക്കാരുടെ സംയുക്ത യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വര്‍ക്കേഴ്സ് അസോസിയേഷന് ഡിവിഷന് സെക്രട്ടറി പി.പ്രമോദ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയതു. ജീവനക്കാര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്ന താക്കീതോടെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. അങ്ങാടി ചുറ്റിയ പ്രകടനം കെഎസ്ഇബി ഓഫീസിനു മുന്നില്‍ സമാപിച്ചതിനു ശേഷം ധര്‍ണ നടത്തി.
കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്മാന് കാപ്പില്‍ സ്വദേശി സി.സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. ബില്ലടയ്ക്കാന്‍ ഫോണില്‍ വിളിച്ചു പറഞ്ഞതാണ് പ്രകോപന കാരണമായി പറയുന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ പള്ളിക്കുന്ന് തച്ചുപറമ്പന്‍ സക്കറിയ സാദിഖാണ് വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തി ജീവനക്കാരനെ മര്‍ദിച്ചത്. അസിസ്റ്റന്റ് എന്‍ജിനിയറുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
വെട്ടുകത്തിയുമായി ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സക്കറിയ സാദിഖ് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍നിന്ന് പിടിച്ചുതള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയുമായിരുന്നു. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ക്കും കേട്പാട് സംഭവിച്ചിട്ടുണ്ട്. വൈദ്യുതി ബില്ലടയ്ക്കാത്തവരുടെ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുക പതിവാണ്. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. തുടര്‍ന്നാണ് ഇയാള്‍ പ്രകോപിതനായി ഓഫീസിലെത്തി ആക്രമണം നടത്തിയത്.