അത്യാധുനിക സംവിധാനങ്ങളോടെ മൂത്തേടം സ്കൂളില്‍ പച്ചക്കറി കൃഷി
1481970
Monday, November 25, 2024 6:25 AM IST
എടക്കര: അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ച് മൂത്തേടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍. സ്കൂളിന് സമീപത്തെ ഒഴിഞ്ഞ് കിടക്കുന്ന അമ്പത് സെന്റ് സ്ഥലത്താണ് പ്ലാസ്റ്റിക് പുതയൊരുക്കി ഇറിഗേഷന്‍ വിത്ത് ഫെര്ട്ടിഗേഷന് സംവിധാനം ഉപയോഗിച്ചുള്ള കൃഷിക്ക് വിദ്യാര്‍ഥികള്‍ തുടക്കമിട്ടിട്ടുള്ളത്. സ്കൂളിലെ കൃഷി ക്ലബ്, നാഷണല്‍ സര്‍വീസ് സ്കീം എന്നിവയിലെ കുട്ടികളുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്.
വെള്ളവും, വളവും കുറച്ച് ഉപയോഗിച്ച് കൂടുതല്‍ വിളവ് ഉത്പാദിപ്പിക്കുന്ന അത്യാധുനിക രീതിയിലാണ് കൃഷി ചെയ്യുന്നത്. വേനൽക്കാലത്ത് ഏറെ ഡിമാന്റുള്ള തണ്ണിമത്തന് പുറമെ പയര്‍, വെണ്ട, മുളക്, പാവല്‍, വഴുതന തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. മുമ്പ് സ്കൂളിലെ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സ്ഥലത്ത് മികച്ച രീതിയില്‍ ഇത്തരത്തില്‍ കൃഷി ചെയ്ത് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
അന്നത്തെ വിളവിലൂടെ ലഭിച്ച ലാഭം ഉപയോഗിച്ച് നാല് കുട്ടികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനും എന്‍എസ്എസിന് കഴിഞ്ഞിരുന്നു. വീട് നിര്‍മാണം ഉള്‍പ്പടെയുള്ള ജീവകരുണ്യത്തിന് പണം കണ്ടെത്താനാണ് ഇത്തവണയും കൃഷി ചെയ്യാന്‍ കുട്ടികള്‍ മുന്നോട്ട് വന്നിട്ടുള്ളത്. ഹൈടെക് കൃഷിയുടെ ഉദ്ഘാടനം മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ മുജീബ് റഹ്മാന് പുലത്ത് അധ്യക്ഷത വഹിച്ചു.
അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ബീന മുഖ്യസന്ദേശം നല്കി. കൃഷി ഓഫീസര്‍ നീതു പദ്ധതി വിശദീകരണം നല്കി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അനീഷ് കാറ്റാടി, ജസ്മല്‍ പുതിയറ, സലീന റഷീദ്, നിലമ്പൂര്‍ എഡിഎ ടി.കെ. നാസര്‍, കൃഷി ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ഗഫൂര്‍ കല്ലറ, എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ എസ്. ഹാരിസ്, സ്റ്റാഫ് സെക്രട്ടറി പി. മോഹനന് എന്നിവര്‍ പ്രസംഗിച്ചു.