ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് ഒരുക്കങ്ങളായി
1481164
Friday, November 22, 2024 7:08 AM IST
മലപ്പുറം: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 23 ന് രാവിലെ എട്ടിന് തുടങ്ങും. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടുകള്‍ എണ്ണുന്നത് നിലമ്പൂര്‍ അമല്‍ കോളജിലാണ്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ ഇലക്ഷന് ഓഫീസറായ കളക്ടര്‍ വി.ആർ. വിനോദ് അറിയിച്ചു.
രാവിലെ ഏഴ് മണിയോടെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംഗ് റൂമുകള്‍ തുറക്കും. ഏറനാട്, നിലമ്പൂർ, വണ്ടൂര്‍ എന്നീ മൂന്ന് നിയോജക മണ്ഡലങ്ങള്‍ക്കായി മൂന്ന് ഹാളുകളാണ് കൗണ്ടിംഗിനായി സജ്ജീകരിച്ചിട്ടുള്ളത്.
ബന്ധപ്പെട്ട മണ്ഡലങ്ങളുടെ ഉപവരണാധികാരികള്‍ നേതൃത്വം നല്‍കും. ഓരോ ഹാളിലും 14 വീതം ടാബിളുകള്‍ ഉണ്ടാകും. ഒരു കൗണ്ടിംഗ് സൂപ്രവൈസർ, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍ എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥരാണ് ഓരോ ടാബിളിലും ഉണ്ടാകുക.മൂന്ന് മണ്ഡലങ്ങളിലെയും വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളാണ് അമല്‍ കോളജില്‍ എണ്ണുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ വയനാട്ടിലാണ് എണ്ണുക. ഫലപ്രഖ്യാപനം വരണാധികാരിയായ വയനാട് ജില്ലാ കളക്ടര്‍ നിര്‍വഹിക്കും. ജില്ലയിലെ വോട്ടെണ്ണല്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് നിരീക്ഷകര്‍ എത്തുന്നുണ്ട്.