രാജസ്ഥാനില്‍ നിന്ന് 30 കുതിരകളെ നാട്ടിലെത്തിച്ച് വിഘ്നേഷ്
1481355
Saturday, November 23, 2024 5:38 AM IST
അങ്ങാടിപ്പുറം: രാജസ്ഥാനില്‍ നിന്ന് ആനിമല്‍ ആംബുലന്‍സില്‍ 30 കുതിരകളെ നാട്ടിലെത്തിച്ച് അങ്ങാടിപ്പുറം സ്വദേശിയായ പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാര്‍. നാട്ടുകാര്‍ക്കും കുതിര സ്നേഹികള്‍ക്കുമെല്ലാം കൗതുകമായിരിക്കുകയാണ് കുതിരക്കൂട്ടങ്ങള്‍. രാജസ്ഥാനില്‍ നടക്കുന്ന പുഷ്കര്‍മേള മൂന്ന് ദിവസം പിന്നിടുമ്പോള്‍ മേളയില്‍ നിന്ന് കരുത്തന്മാരായ 30 കുതിരകളെയാണ് വിഘ്നേഷ് വിജയകുമാര്‍ സ്വന്തമാക്കിയത്. വലിയൊരു കുതിര പ്രേമിയാണ് വിഘ്നേഷ്.
കുതിരകളെ തന്റെ ഫാമില്‍ മാത്രം ഒതുക്കാതെ സമൂഹത്തിന് ഉപകാരപ്രദമാകണം തന്റെ കുതിരകളെന്നാണ് വിഘ്നേഷ് പറയുന്നത്. സിനിമ നിര്‍മാതാവും വെല്‍ത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയുമാണ് വിഘ്നേഷ് വിജയകുമാര്‍. ചെറുപ്പം മുതലേ കുതിരപ്രേമിയായിരുന്നു. ഇന്ത്യയിലെ ഇന്‍ഡിജിനിയസ് ഹോഴ്സ് സൊസൈറ്റി കമ്മിറ്റയിലെയും അറേബ്യന്‍ ഹോഴ്സ് സൊസൈറ്റിയിലെയും അംഗമായ ഏക മലയാളി കൂടിയാണ് ഇദ്ദേഹം. മാര്‍വാരി, നുക്ക്ര എന്നീ ഇനങ്ങളിലുള്ള വിവിധയിനം കുതിരകളാണ് എത്തിച്ചിരിക്കുന്നത്.
രാജസ്ഥാനിലെ ചിറ്റോര്‍, മഹാരാഷ്ട്രയിലെ ഔറംഗബാദ് എന്നിവടങ്ങളിലും കേരളത്തിലും 70 ലധികം കുതിരകള്‍ വിഘ്നേഷിന് സ്വന്തമായുണ്ട്. നേരത്തെ ഗുരുവായൂര്‍ അമ്പലത്തില്‍ കാണിക്കയായി വച്ചിരുന്ന കാര്‍ ലേലത്തിലെടുത്തും അമ്പലത്തിന് വേണ്ടി പുതിയ മുഖമണ്ഡപം സമര്‍പ്പിച്ചതും വിഘ്നേഷ് വിജയകുമാറായിരുന്നു.