സിബിഎസ്ഇ സഹോദയ കായികമേള: പുത്തനങ്ങാടി സെന്റ് ജോസഫ് സ്കൂള്‍ മുന്നില്‍
1481727
Sunday, November 24, 2024 7:07 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ആരംഭിച്ച സിബിഎസ്ഇ സഹോദയ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 90 പോയിന്റോടെ പുത്തനങ്ങാടി സെന്റ് ജോസഫ് സ്കൂള്‍ മുന്നില്‍. കക്കിടിപ്പുറം അല്‍ഫലാഹ് എൻഎംഎം സ്കൂളാണ് 82 പോയിന്റുമായി തൊട്ടുപിന്നില്‍. 54 പോയിന്റ് നേടിയ പെരിന്തല്‍മണ്ണ ഐഎസ്എസ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിനാണ് മീറ്റിന്റെ ആദ്യദിനത്തില്‍ മൂന്നാം സ്ഥാനം.
ജില്ലയിലെ സഹോദയ അംഗങ്ങളായ 52 വിദ്യാലയങ്ങളില്‍ നിന്ന് 2000 വിദ്യാര്‍ഥികള്‍ അണ്ടര്‍ 10, 12, 14, 17, 19 എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളുണ്ട്. മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ച് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് മീറ്റ് ഉദ്ഘാടനം ചെയ്തു.
സഹോദയ മേഖലാ പ്രസിഡന്റ് എം. അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു. സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന് പതാക ഉയര്‍ത്തി. മാര്‍ച്ച് പാസ്റ്റില്‍ കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ ഒന്നും വണ്ടൂര്‍ സൈനിക് പബ്ലിക് സ്കൂള്‍ രണ്ടും പുത്തനങ്ങാടി സെന്റ് ജോസഫ് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. ഓരോ വിഭാഗത്തിനും കാറ്റഗറിതല സമ്മാനങ്ങളും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകളും ഓവറോള്‍ ട്രോഫികളും സമ്മാനിക്കും. സഹോദയ ഭാരവാഹികളായ ജനറല്‍ സെക്രട്ടറി എം. ജൗഹര്‍, പി. ഹരിദാസ്, ജോബിന് സെബാസ്റ്റ്യന്‍, കെ.കെ. രവീന്ദ്രന്, ക്യാപ്റ്റന്‍ ഷുക്കൂര്‍ ഇല്ലത്ത്, പി.ആര്. രാജശ്രീ, ടി. അഭിരാമി, കെ.എന്‍. സുരേഖ, കെ. നിഷാദ് എന്നിവര്‍ പ്രസംഗിച്ചു. കായികമേള ഇന്ന് സമാപിക്കും.