ഡിഎംകെയുടെ കന്നിയങ്കം പച്ച തൊട്ടില്ല
1481736
Sunday, November 24, 2024 7:07 AM IST
നിലമ്പൂര്‍: സിപിഎമ്മുമായി ഇടഞ്ഞ് എല്‍ഡിഎഫ് വിട്ട നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ രൂപീകരിച്ച രാഷ്ട്രീയ കൂട്ടായ്മയായ ഡിഎംകെ കന്നിയങ്കത്തിറങ്ങിയ ചേലക്കരയില്‍ രാഷ്ട്രീയ ചലനം ഉണ്ടാക്കാനാകാത്തത് തിരിച്ചടിയായേക്കും.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ ശേഷം ചേലക്കരയില്‍ ഡിഎംകെ കോണ്‍ഗ്രസ് നേതാവ് സുധീറിനെ പാളയത്തിലെത്തിച്ച ശേഷമാണ് മത്സരത്തിനിറങ്ങിയത്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരേ പോലെ വെല്ലുവിളിച്ചാണ് ചേലക്കരയില്‍ പോരാട്ടത്തിനിറങ്ങിയത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുകയും ഡിഎംകെ വോട്ട് 4000 ത്തിന് താഴേക്ക് പോയതും പി.വി. അന്‍വറിന് രാഷ്ട്രീയപരമായി തിരിച്ചടിയായി. ചേലക്കരയില്‍ കരുത്ത് അറിയിച്ച ശേഷം യുഡിഎഫുമായി രാഷ്ടീയ ധാരണ ഉണ്ടാക്കാനുമുള്ള നീക്കത്തിനാണ് തെരഞ്ഞെടുപ്പ് ഫലം അന്‍വറിന് തിരിച്ചടിയായത്. വലിയ തോതിലുള്ള പ്രചാരണമാണ് ചേലക്കരയില്‍ നടത്തിയതെങ്കിലും വോട്ടര്‍മാര്‍ക്കിടയില്‍ പി.വി. അന്‍വര്‍ എംഎല്‍എയുടെ ഡിഎംകെയ്ക്ക് കാര്യമായ സ്വീകാര്യത ഉണ്ടാക്കാനായില്ല.