വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ബസുടമകള്‍ നല്‍കിയത് 2.23 കോടി
1481156
Friday, November 22, 2024 7:08 AM IST
മഞ്ചേരി: വയനാട് ദുരന്തഭൂമിയില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ബസുടമകള്‍ നല്‍കിയത് 2,23,64,066 രൂപ. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അംഗങ്ങളുടെ ബസുകള്‍ കാരുണ്യ യാത്ര നടത്തിയാണ് ഫണ്ട് സ്വരൂപിച്ചത്. ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്കുകയെന്നായിരുന്നു ഫെഡറേഷന് യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ വീട് നിര്‍മിച്ചു നല്കാന് അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയായിരുന്നു. 14 ജില്ലകളിലും കാരുണ്യയാത്ര സംഘടിപ്പിച്ചിരുന്നു.
കാരുണ്യ യാത്രയില്‍ ടിക്കറ്റ് നല്കി ബസ് ചാര്‍ജ് ഈടാക്കുന്ന രീതിയായിരുന്നില്ല. പകരം ജീവനക്കാര്‍ ബക്കറ്റുമായി യാത്രക്കാരെ സമീപിക്കുകയും യാത്രക്കാര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള തുക ബക്കറ്റില്‍ നിക്ഷേപിക്കുകയുമായിരുന്നു. ഇത്തരത്തില്‍ ലഭിച്ച തുകയിലേക്ക് ബസ് ഉടമകളുടെ വരുമാനം മാത്രമല്ല തൊഴിലാളികളുടെ വേതനവും നല്‍കിയിരുന്നു. ഗതാഗതവകുപ്പു മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ പ്രസിഡന്റ് കെ.കെ. തോമസ്, ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍, ഭാരവാഹികളായ എം.എസ്. പ്രേംകുമാര്‍, ശരണ്യ മനോജ്, രാജു കരുവാരത്ത്, സത്യന് പാലക്കാട്, പാലമുറ്റത്ത് വിജയ് കുമാര്‍ എന്നിവര്‍ ഫണ്ട് നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
2018 ലെ പ്രളയ ദുരന്തവേളയില്‍ ഫെഡറേഷന് അംഗങ്ങള്‍ കാരുണ്യയാത്ര നടത്തി 3.11 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. വടകര താലൂക്ക് യൂണിറ്റിലെ ഫെഡറേഷന് മെംബര്‍മാരുടെ ബസുകള്‍ കാരുണ്യയാത്ര നടത്തി സ്വരൂപിച്ച ഫണ്ടില്‍ നിന്ന് ഏഴു ലക്ഷം രൂപ വടകരയിലെ പ്രളയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് വിലങ്ങാട് ജനകീയ സമിതിയെ ഏല്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.