തായ്ലാന്ഡ് ദേശീയ ആരോഗ്യ അസംബ്ലിയില്‍ പങ്കെടുക്കാന്‍ എം.കെ. റഫീഖ
1481158
Friday, November 22, 2024 7:08 AM IST
മലപ്പുറം: തായ്ലാന്ഡ് സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിന് കീഴില്‍ നടക്കുന്ന 17 -ാമത് നാഷണല്‍ ഹെല്‍ത്ത് അസംബ്ലിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പങ്കെടുക്കും. ഇത് സംബന്ധിച്ച് തായ്ലന്ഡ് സര്‍ക്കാരില്‍ നിന്നുള്ള ക്ഷണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ചു. തായ്ലന്ഡ് പ്രധാനമന്ത്രി അധ്യക്ഷനായ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനാണ് 26 മുതല്‍ 28 വരെ ബാങ്കോക്കില്‍ പരിപാടി സംഘടിപ്പിക്കുന്നത്. അധികാരവികേന്ദ്രീകരണം വഴി ആരോഗ്യമേഖലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ഇടപെടലുകളും രീതികളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പ്രബന്ധം അവതരിപ്പിക്കും.
മലപ്പുറം ജില്ലയിലെ ആരോഗ്യരംഗത്തെ ഇടപെടലുകളും വിഷയമാകും. ആരോഗ്യമേഖലയില്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ നടക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര കൂടിച്ചേരലുകളില്‍ ഒന്നായ തായ്ലാന്ഡ് നാഷണല്‍ ഹെല്‍ത്ത് അസംബ്ലിയില്‍ കേരളത്തില്‍ നിന്ന് ക്ഷണിക്കപ്പെടുന്ന ഏക പ്രതിനിധിയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഇന്ത്യയില്‍ നിന്ന് റഫീഖയെ കൂടാതെ തമിഴ്നാട്ടില്‍ നിന്നുള്ള സൊസൈറ്റി ഫോര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് അവയര്‍നസ് റിസര്‍ച്ച് ആന്‍ഡ് ആക്ഷന്റെ സിഇഒ സുരേഷ് ദണ്ഡപാണിയാണ് പങ്കെടുക്കുക. ഇന്ത്യയെ കൂടാതെ ബ്രസീല്‍, ഫ്രാന്‍സ്, നോര്‍വേ, സ്ലോവാനിയ, ട്യൂണീഷ്യ എന്നിവയാണ് ഈ വര്‍ഷം പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങള്‍.
പൊതുജനപങ്കാളിത്തത്തോടെ ആരോഗ്യപരിരക്ഷക്കായി ആശുപത്രികളുമായി സഹകരിച്ച് ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍, സ്വച്ഭാരത് മിഷന് കാമ്പയിനിലൂടെ ഹരിതകര്‍മസേനയെ ശാക്തീകരിച്ച് ശുചീകരണ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍, സാനിറ്ററി പാഡുകളുടെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് കുടുംബശ്രീ/വിവിധ ഏജന്‍സികളുടെ സഹായത്തോടെ മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്ത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അസംബ്ലിയില്‍ അവതരിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു.