സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള: നിദ ഫഹ്മക്ക് ഹാട്രിക് നേട്ടം
1481159
Friday, November 22, 2024 7:08 AM IST
മഞ്ചേരി: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ ഹാട്രിക് നേട്ടവുമായി തൃക്കലങ്ങോട് ഹാജിയാര്പടി സ്വദേശിനി നിദ ഫഹ്മ. ഹൈസ്കൂള്‍ വിഭാഗം വര്‍ക്ക് എക്സ്പീരിയന്‍സ് ബീഡ്സ് വര്‍ക്ക് വിഭാഗത്തിലാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും എ ഗ്രേഡ് കരസ്ഥമാക്കിയത്. ആലപ്പുഴയില്‍ നടന്ന മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന ശാസ്ത്രോത്സവത്തില്‍ എ ഗ്രേഡോടെ സെക്കന്‍ഡുമാണ് ലഭിച്ചത്. 2022ല്‍ എറണാകുളത്ത് നടന്ന മത്സരത്തിലും എ ഗ്രേഡും ലഭിച്ചിരുന്നു. കോവിഡ് കാലത്തെ വിരസതകള്‍ ഒഴിവാക്കുന്നതിനായാണ് നിദ, മുത്തുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്.
കാരക്കുന്ന് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വര്‍ക്ക് എക്സ്പീരിയന്‍സ് അധ്യാപിക ജംഷീന പൂര്‍ണപിന്തുണ നല്‍കിയതോടെ കരവിരുതില്‍ വിസ്മയങ്ങള്‍ വിരിഞ്ഞു. ഇത്തവണ മുത്തുകള്‍ ഉപയോഗിച്ച് മാലയും മാലക്ക് ചേരുന്ന ഡിസൈനില്‍ കമ്മല്‍ സെറ്റും ബ്രേയ്സലറ്റും നിര്‍മിക്കാനായിരുന്നു മത്സരം. നിമിഷ നേരം കൊണ്ട് മനോഹരമായ മാലയും മറ്റും തയാറാക്കി നിദ എ ഗ്രേഡ് കരസ്ഥമാക്കി. കാരക്കുന്ന് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഈ മിടുക്കി പൂളഞ്ചേരി ലത്തീഫ് നസീമ ദമ്പതിമാരുടെ മകളാണ്.