അബ്ദു ഓടുകയാണ്... ലക്ഷ്യം ദേശീയ മീറ്റ്
1481157
Friday, November 22, 2024 7:08 AM IST
രാമപുരം: പ്രായം അറുപത്തിമൂന്ന് പിന്നിട്ടെങ്കിലും ജീവിതത്തില്‍ ഇന്നേവരെ സ്കൂള്‍തലം മുതല്‍ ഒരു കായികമത്സരങ്ങളിലും അബ്ദു പങ്കെടുത്തിട്ടില്ല. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി നാറാണത്ത് ദേശത്തെ പറമ്പില്‍ ഓടുകയാണ് അബ്ദു. പ്രായത്തിന്റെ കിതപ്പിലും ആവേശവും ആത്മവിശ്വാസവും കഠിനപ്രയത്നവും മുതല്‍ക്കൂട്ടാക്കി ദേശീയമീറ്റില്‍ പങ്കെടുക്കാനാണ് അബ്ദുവിന്റെ ഓട്ടം. പ്രഭാത പ്രാര്‍ഥനയ്ക്ക് ശേഷം ദേശീയപാതയുടെ ഓരം ചേര്‍ന്ന് വേഗതയില്‍ നടക്കും മക്കരപ്പറമ്പ് ഗവണ്മെന്റ് ഹൈസ്കൂള്‍ ഗ്രൗണ്ടിലേക്ക്. തുടര്‍ന്ന് മെക് സെവന് ഹെല്‍ത്ത് ക്ലബ് പരിശീലനത്തില്‍ പങ്കെടുക്കും. മെക്ക് സെവന്റെ പരിശീലനത്തിലൂടെയാണ് അബ്ദു സജീവമായത്.
സിപിഎം നാറാണത്ത് ബ്രാഞ്ച് അംഗവും മക്കരപ്പറമ്പ് കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് മുതിര്‍ന്ന പൗരന്മാരുടെ സംഗമത്തിലെ സാന്നിധ്യവുമാണ് സാമൂഹ്യപ്രവര്‍ത്തകനും കലാകാരനുമായ അബ്ദു. പഴയകാല മാപ്പിളപ്പാട്ടുകളും സിനിമാഗാനങ്ങളും ആലപിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധേയനുമാണ്. മുന്‍കാലത്ത് ബംഗളുരൂ രാമനഗറിലെ ടീ സ്റ്റാള്‍ നടത്തിപ്പുകാരനായിരുന്നു.
വിശ്രമകാലത്താണ് വേറിട്ട ചിന്തയിലൂടെ സഞ്ചരിക്കാന്‍ പ്രേരണയായത്. തിരുവനന്തപുരം ആറ്റിങ്ങലില്‍ മാസ്റ്റേഴ്സ് മീറ്റില്‍ അറുപത് വയസ് കാറ്റഗറിയില്‍ 5000 മീറ്റര്‍ നടത്തത്തില്‍ വെള്ളി മെഡല്‍ നേടിയിട്ടുണ്ട്. റിലേയിലും വെള്ളി മെഡല്‍ നേടി. ഇപ്പോള്‍ തൃശൂരില്‍ നടക്കുന്ന ദേശീയ മീറ്റില്‍ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് അബ്ദു.