ജില്ലാ സ്കൂള്‍ കലോത്സവം: രജിസ്ട്രേഷന് നാളെ
1481734
Sunday, November 24, 2024 7:07 AM IST
കോട്ടയ്ക്കൽ: മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ രജിസ്ട്രേഷന് നാളെ രാവിലെ 10.30 ന് കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. 17 സബ്ജില്ലകളില്‍ നിന്ന് 315 മത്സര ഇനങ്ങളിലായി മത്സരത്തിനെത്തുന്ന പതിനൊന്നായിരത്തിലധികം വിദ്യാര്‍ഥികളുടെ രജിസ്ട്രേഷനാണ് നാളെ നടക്കുക. മത്സരാര്‍ഥികളുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡുകള്‍, എസ്കോര്‍ട്ടിംഗ് ടീച്ചര്‍മാര്‍ക്കുള്ള ബാഡ്ജുകള്‍, പ്രോഗ്രാം ഷെഡ്യൂള്‍ എന്നിവ അടങ്ങിയ കിറ്റുകള്‍ തയാറായിട്ടുണ്ട്. ഇത് ഓരോ സബ്ജില്ലയില് നിന്നുമെത്തുന്ന കണ്‍വീനര്‍മാര്‍ക്ക് കൈമാറും. കഴിഞ്ഞ വര്‍ഷം സബ്ജില്ലകള്‍ കൈപ്പറ്റിയ റോളിംഗ് ട്രോഫികള്‍, ട്രോഫി എന്നിവ കമ്മിറ്റിക്ക് കൈമാറി രശീതി കൈപ്പറ്റിയാണ് കണ്‍വീനര്‍മാര്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
26 മുതല്‍ 30 വരെ കോട്ടയ്ക്കല്‍ ജിആര്‍എച്ച്എസ്എസ്, കോട്ടൂര്‍ എകെഎംഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് കലോത്സവം അരങ്ങേറുന്നത്. കലോത്സവത്തിനെത്തുന്ന അതിഥികള്‍, വിവിധ സബ്കമ്മിറ്റികളുടെ ചെയര്മാന്മാര്, കണ്‍വീനര്‍മാര്‍, വിധികര്‍ത്താക്കള്‍, സ്വാഗതസംഘം അംഗങ്ങള്‍, ഒഫീഷ്യല്‍സ്, വോളണ്ടിയര്‍മാര്‍ തുടങ്ങി മേളയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ ബാഡ്ജുകള്‍ തയാറായതായി രജിസ്ട്രേഷന് സബ് കമ്മിറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്തംഗവുമായ എന്‍.എ. കരീം, കണ്‍വീനര്‍ ബേബി മുഹീറ എന്നിവര്‍ അറിയിച്ചു.
ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനയായ എച്ച്എസ്എസ്ടിഎ ആണ് ജില്ലാ കലോത്സവത്തിന്റെ രജിസ്ട്രേഷന് നേതൃത്വം നല്‍കുന്നത്. കോട്ടയ്ക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. കെ. ഹനീഷ രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്യും.
കോട്ടയ്ക്കല്‍ നഗരസഭ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ താപ്പി നസീബ അസീസ്, ജനറല്‍ കണ്‍വീനര്‍ മലപ്പുറം ഡിഡിഇ കെ.പി. രമേഷ്കുമാര്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ മലപ്പുറം ഹയര്‍ സെക്കന്‍ഡറി ആര്‍ഡിഡി ഡോ. പി.എം. അനില്‍, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ടി.സി. ലിസി, ആതിഥേയ സ്കൂളുകളുടെ പിടിഎ എസ്എംസി ഭാരവാഹികള്‍, പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്മാര്, വിവിധ സബ് കമ്മിറ്റി ചെയര്മാന്മാര്, കണ്‍വീനര്‍മാര്‍, സ്വാഗതസംഘം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വെബ്സൈറ്റ് ലോഞ്ചിംഗ് നടത്തി
കോട്ടയ്ക്കല്‍: മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ മത്സരഫലം അറിയുന്നതിന് തയാറാക്കിയ വെബ്സൈറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ ബഷീര്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു.
കോട്ടയ്ക്കല്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. കെ. ഹനിഷ, പ്രോഗ്രാം കണ്‍വീനര്‍ എന്‍.പി. മുഹമ്മദലി,ഹെഡ്മാസ്റ്റര് എം.വി. രാജന്, പിടിഎ പ്രസിഡന്റ് സാജിദ് മങ്ങാട്ടില്‍, കൗണ്‍സിലര്‍ മറിയാമു പുതുക്കുടി, കെ.എം. ഹനീഫ തുടങ്ങിയവര്‍ സംബന്ധിച്ചു. കലോത്സവത്സവത്തിനായി പ്രോഗ്രാം കമ്മിറ്റി വിപുലമായ ഒരുക്കങ്ങളാണ് കെഎസ്ടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്നത്.
പ്രോഗ്രാം ഒഫീഷ്യല്‍ ഡ്യൂട്ടി ചെയ്യുന്നവരുടെ പരിശീലനം പൂര്‍ത്തിയായി. കലോത്സവത്തിന്റെ ബ്രോഷര്‍ മലപ്പുറം ഡിഡിഇ കെ.പി. രമേഷ്കുമാര്‍ പ്രകാശനം ചെയ്തു. കമ്മിറ്റിയുടെ പ്രീ വര്‍ക്ക് ഓഫീസ് കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രോഗ്രം കമ്മിറ്റിയുടെ ഓഫീസ് നാളെ ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ ഫലം ലഭ്യമാകാന്‍ വെബ്സൈറ്റ്: https://mlpkalolsavam.blogspot.com/