അബ്ദുറഹിമാന് സാഹിബ് മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നേതാവ്: സമദാനി എംപി
1481359
Saturday, November 23, 2024 5:38 AM IST
മലപ്പുറം: മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നേതാവാണെന്ന്എം.പി.അബ്ദുസമദ് സമദാനി എംപി. മദിരാശി അസംബ്ലിയില്‍ മാതൃഭാഷയായ മലയാളത്തില്‍ പ്രസംഗിക്കാന്‍ ആര്‍ജവം കാട്ടിയ നേതാവായിരുന്നു. യഥാര്‍ഥ മതവിശ്വാസിയായിരിക്കുമ്പോഴും മതസാഹോദര്യവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് തലമുറകള്‍ക്ക് വഴികാട്ടിയായ ധീരനായ പോരാളിയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ അബ്ദുറഹിമാന് സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനവും അബ്ദുറഹിമാന് സാഹിബ് പുരസ്കാരദാനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മലയാള സാഹിത്യത്തിലെ കഥയുടെ കുലപതി ടി. പദ്മനാഭന് മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് പുരസ്കാരം അബ്ദുസമദ് സമദാനി സമ്മാനിച്ചു. കാല്‍ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതായിരുന്നു പുരസ്കാരം.
അബ്ദുറഹിമാന് സാഹിബിന്റെ 79-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായിരുന്നു അനുസ്മരണ സമ്മേളനവും പുരസ്കാര ദാനവും.
മുഹമ്മദ് അബ്ദുറഹിമാന് മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്മാന് ആര്യാടന് ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. എ.പി. അനില്‍കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണവും എം.എന്‍. കാരശേരി അനുസ്മരണ പ്രഭാഷണവും നടത്തി. ചടങ്ങില്‍ അബ്ദുറഹിമാന് സാഹിബ് പത്രാധിപരായിരുന്ന അല്അമീന് പത്രത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി അല്‍ അമീന് ഓണ്‍ലൈന്‍ ന്യൂസ് വെബ്സൈറ്റ് കഥാകൃത്ത് ടി. പദ്മനാഭന് ഉദ്ഘാടനം ചെയ്തു.
മുന്‍ എംപി സി.ഹരിദാസ്, കവി മണമ്പൂര്‍ രാജന്‍ബാബു, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി, ട്രസ്റ്റ് സെക്രട്ടറി വീക്ഷണം മുഹമ്മദ്, വൈസ് ചെയര്മാന് സി. ഉമ്മര്‍കുരിക്കള്‍, പരി ഉസ്മാന്, അഡ്വ. കെ.എ. പത്മകുമാര്‍, മുല്ലശേരി ശിവരാമന് നായര്‍, പി. അബ്ദുള്‍ ബായിസ്, കെ. വാസുദേവന്‍ നമ്പൂതിരി, എം.ജയപ്രകാശ്, കെ. പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.