സമൂഹത്തിനാവശ്യം ഹൃദയത്തിന്റെ വിദ്യാഭ്യാസം: ഡോ. വര്‍ഗീസ് ചക്കാലക്കല്‍
1481729
Sunday, November 24, 2024 7:07 AM IST
പെരിന്തല്‍മണ്ണ: ഹൃദയത്തിന്റെ വിദ്യാഭ്യാസമാണ് ഇന്ന് സമൂഹത്തിനാവശ്യമെന്ന് കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അഭിപ്രായപ്പെട്ടു.
പെരിന്തല്‍മണ്ണ പ്രസന്റേഷന് സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്നേഹത്തില്‍ വിദ്യാഭ്യാസം നല്കാന് അദ്ദേഹം അധ്യാപകരോടാവശ്യപ്പെട്ടു. സമൂഹത്തിന് നഷ്ടപ്പെട്ടത് സ്നേഹമില്ലായ്മയാണ്. എത്ര വലിയ വിദ്യാഭ്യാസം കുട്ടികള്‍ ആര്‍ജിച്ചാലും സ്നേഹത്തോടെയുള്ള പെരുമാറ്റവും സമീപനവുമാണ് സമൂഹത്തിനാവശ്യം.
നല്ല പൗരന്മാരായി വളരാന്‍ കുട്ടികളെ സജ്ജരാക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന പ്രസന്റേഷന് സ്കൂളിനെ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അഭിനന്ദിച്ചു. ഓരോ കുട്ടികളും ഓരോ വെളിച്ചമായി സമൂഹത്തിന്റെ അന്ധകാരത്തില്‍ ജ്വലിക്കണമെന്നും ആഴത്തിലുള്ള ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയണമെന്നും ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. നജീബ് കാന്തപുരം എംഎല്‍എ, എഇഒ കുഞ്ഞുമുഹമ്മദ്, പ്രൊഫിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബിജി ജോസഫ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെസ്മി തോമസ്, ഹെഡ്മിസ്ട്രസ് പ്രിന്‍സി ജോസ്, മാനേജര്‍ സിസ്റ്റര്‍ ജോളി ജോര്‍ജ്, മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ തെര്സീന ജോര്‍ജ്, പിടിഎ പ്രസിഡന്റ് മോഹന്‍ കര്‍ത്ത, ഡോ. ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ പ്രസംഗിച്ചു.