വി.പി. വാസുദേവന്‍ അന്തരിച്ചു
1480954
Thursday, November 21, 2024 11:13 PM IST
പെരിന്തല്‍മണ്ണ: കവിയും പ്രഭാഷകനും പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന വി.പി. വാസുദേവന്‍ (79) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഏലംകുളം തറവാട്ട് വളപ്പില്‍. ഏലംകുളം ഗ്രാമത്തില്‍ എന്‍.കെ. ഗോപാലന് നായരുടെയും വി.പി. ദേവകിഅമ്മയുടെയും മകനായി 1946ലാണ് ജനനം.
വല്ലപ്പുഴ ഹൈസ്കൂളിലും പട്ടാമ്പി സംസ്കൃത കോളജിലും പഠനം പൂര്‍ത്തിയാക്കി. ചെറുകാട് ഉള്‍പ്പെടെയുള്ള സംസ്കൃത കോളജിലെ പ്രഗത്ഭരായ അധ്യാപകര്‍ വാസുദേവനിലെ കവിയെയും രാഷ്ട്രീയക്കാരനെയും തൊട്ടുണര്‍ത്തി. കോളജ് പഠനകാലവും സാഹിത്യക്യാമ്പുകളും അദ്ദേഹത്തെ സാഹിത്യ പ്രസ്ഥാനത്തിന്റെ അഗ്രഗാമിയാക്കി.
1971 ല്‍ ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ഏലംകുളത്ത് ഇ.എം.എസിന്റെ വീട്ടില്‍ നടന്ന സംസ്ഥാന ക്യാമ്പിന്റെ മുഖ്യസംഘാടകരില്‍ ഒരാളായിരുന്നു. 1966 ല്‍ ഭാഷാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.
വിരമിക്കാന്‍ രണ്ടു വര്‍ഷം ശേഷിക്കേ സ്വയം രാജിവച്ച് മുഴുവന്‍ സമയ സാംസ്കാരിക പ്രവര്‍ത്തകനായി. ഭാഷാധ്യാപക സംഘടനയുടെ സംസ്ഥാന സെകട്ടറി, കെജിടിഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, കെഎസ്ടിഎയുടെ സംസ്ഥന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ശക്തിഗീതങ്ങള്, ഒഡീസിയസിന്റെ പാട്ട്, സ്പാര്ട്ടകസ്, ക്യൂബന്‍ വിപ്ലവത്തിന്റെ ഇതിഹാസം (തര്‍ജമ), വായനയുടെ മാനങ്ങള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. ഭാര്യ: കെ.വി. കോമളവല്ലി. മക്കള്‍: വി.പി. വിമല്‍, കെ.വി. ലാല്‍.