ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് യുവാവ് മരിച്ചു
1481217
Friday, November 22, 2024 10:25 PM IST
ചങ്ങരംകുളം: ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. ചങ്ങരംകുളം മൂക്കുതല സ്വദേശിയായ കാഞ്ഞൂര്‍ വിജയന്റെ മകന് സന്ദീപ് (30) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് സന്ദീപിനെ കടുത്ത ഛര്‍ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ട് ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും സന്ദീപ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
പൊന്നാനിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന സന്ദീപ് ഏതാനും ദിവസങ്ങളായി ജോലിക്ക് പോയിരുന്നില്ല. കുറച്ച് നാളുകളായി സന്ദീപിന് വയറുവേദന അനുഭവപ്പെട്ടിരുന്നുവെന്നും ഇതിനായി പണിക്കരെ സമീപിച്ചെന്നും മാതാപിതാക്കള്‍ പറഞ്ഞു.
പണിക്കര്‍ വയറുവേദന മാറുന്നതിന് മരുന്ന് നല്‍കിയെന്നും ഇത് കഴിച്ചതിനെ തുടര്‍ന്നാണ് മകന് ഛര്‍ദിയും വയറിളക്കവും ശാരീരിക അസ്വസ്ഥതയും ഉണ്ടായതെന്നുമാണ് സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ച മാതാപിതാക്കള്‍ നല്കുന്ന വിവരം. എന്നാല്‍ വിഷാംശം അകത്ത് ചെന്നതാണ് സന്ദീപിന്റെ മരണ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.