നിലമ്പൂര്‍ ഉപജില്ലയില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ "തിരികെ’ പദ്ധതി
1480770
Thursday, November 21, 2024 6:13 AM IST
എടക്കര: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും സ്കൂള്‍ പ്രവേശനം നേടാത്ത കുട്ടികളെ അടിയന്തരമായി സ്കൂളില്‍ പ്രവേശിപ്പിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ നടത്തിയ "തിരികെ’ പദ്ധതി ഫലപ്രാപ്തിയിലേക്ക്.
നിലമ്പൂര്‍ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന 150 ല്‍ അധികം കുട്ടികളാണ് നിലവില്‍ സ്കൂളില്‍ എത്താത്തത്.
ഈ കുട്ടികളെ സ്കൂളില്‍ തിരികെ എത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം, ഐടിഡിപി, കേരള മഹിളാസമഖ്യ, ജനമൈത്രി എക്സൈസ്, വനംവകുപ്പ്, ജനമൈത്രി പോലീസ്, അധ്യാപകര്‍, രക്ഷാകര്‍തൃ സമിതികള്‍ എന്നിവയുടെ ഏകോപനത്തിലൂടെയാണ് കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നത്.
കുട്ടികളുടെ പ്രശ്നങ്ങള്‍ കൃത്യമായി മനസിലാക്കി പരിഹരിക്കുന്നതിന് വിവിധ ഏജന്‍സികളിലൂടെ സാഹയം തേടി. ജില്ലാ ഡെവലപ്മെന്റ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം 23ന് മുമ്പ് എല്ലാ കുട്ടികളെയും സ്കൂളുകളില്‍ എത്തിക്കുകയാണ് ലക്ഷ്യം. വിവിധ ഏജന്‍സികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംഘങ്ങള്‍ ഗോത്രവിഭാഗ നഗറുകള്‍ ഉള്‍പ്പെടെ സന്ദര്‍ശനം ആരംഭിച്ചു. പോത്തുകല്ല് പഞ്ചായത്തില്‍ സേവാസ് പദ്ധതിയുടെ ഭാഗമായാണ് കുട്ടികളെ തിരികെ സ്കൂളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. പോത്തുകല്ലില്‍ സ്കൂളുകളില്‍ എത്താത്ത 44 കുട്ടികളില്‍
34 കുട്ടികളെ വിവിധ സംഘങ്ങള്‍ സന്ദര്‍ശിച്ചു. കുമ്പളപ്പാറ, തരിപ്പപൊട്ടി, വാണിയമ്പുഴ ഊരുകളിലെ സന്ദര്‍ശനത്തില്‍ പോത്തുകല്‍ ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്മാരായ എം.എ. തോമസ്, തങ്ക കൃഷ്ണന്, റുബീന കിണറ്റിങ്ങല്‍ എന്നിവരും നിലമ്പൂര്‍ ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ മനോജ് കുമാര്‍, നിലമ്പൂര്‍ എഇഒ കെ. പ്രേമാനന്ദ്, ബിആര്‍സി ട്രെയിനര്‍ ടി.പി. രമ്യ, സ്പെഷല്‍ എഡ്യൂക്കേറ്റര്‍ സബിത് ജോണ്‍, എക്സൈസ് ഓഫീസര്‍മാരായ പി. പ്രമോദ് ദാസ്, സി. സുഭാഷ്, കെ. പ്രദീപ് കുമാര്‍, രാകേഷ് ചന്ദ്രന്, കേരള മഹിളാ സമഖ്യ സൊസൈറ്റി കോ ഓര്‍ഡിനേറ്റര്‍മാരായ സരിത, അജിത മണി, ഐടിഡിപി ഉദ്യോഗസ്ഥരായ പ്രണവ് കോയിക്കല്‍, നിഥിന് മോഹന്‍ എന്നിവര്‍ ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം നല്കി. കുമ്പളപ്പാറ ഊര് മൂപ്പത്തി മാതി അടുത്ത ദിവസം തന്നെ കുട്ടികളെ ഹോസ്റ്റലില്‍ എത്തിക്കാമെന്ന് ഉറപ്പ് നല്കി. സംയുക്ത ഗൃഹസന്ദര്‍ശനത്തിലൂടെ കുമ്പളപ്പാറയില്‍ നിന്ന് ആറ് കുട്ടികളെ ഹോസ്റ്റലില്‍ എത്തിച്ചു.