മഞ്ചേരി യൂണിറ്റി കോളജ്സോണ് കുടിവെള്ള പദ്ധതി: 26.10 കോടിയുടെ ഭരണാനുമതി
1481973
Monday, November 25, 2024 6:25 AM IST
മഞ്ചേരി: നറുകര വില്ലേജിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി നഗരസഭ രൂപം നല്കിയ യൂണിറ്റി കോളജ്സോണ് കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26.10 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി.
സര്‍ക്കാരില്‍ നിന്ന് 23.20 കോടി രൂപ ലഭിക്കും. നഗരസഭയുടെ വിഹിതമായി 2.90 കോടി അടയ്ക്കേണ്ടി വരും. ധനകാര്യ കമ്മീഷന് ഗ്രാന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാകും നഗരസഭ വിഹിതം കണ്ടെത്തുക. ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ, അമൃത് മിഷന് ഡയറക്ടറായിരുന്ന അരുണ്‍ കെ.വിജയന് 2022ല്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്. ഇതിനിടയില്‍ നിരവധി തവണ വാട്ടര്‍ അഥോറിറ്റിയുമായി സഹകരിച്ച് വിശദ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കി സമര്‍പ്പിച്ചിരുന്നു.
യൂണിറ്റി കോളജിനോട് ചേര്‍ന്നുള്ള 20 സെന്റ് സ്ഥലത്താണ് ടാങ്ക് നിര്‍മിക്കുക. കെഎംസിസി നേതാവും കിടങ്ങഴി സ്വദേശിയുമായ വി.പി. മുഹമ്മദലിയാണ് നഗരസഭക്ക് സൗജന്യമായി സ്ഥലം അനുവദിച്ചത്. 18.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് നിര്‍മിക്കുക.
ചെരണിയിലെ ജലസംഭരണിയില്‍ നിന്ന് ടാങ്കിലേക്ക് വെള്ളമെത്തിക്കും. ആദ്യഘട്ടത്തില്‍ 5000ത്തോളം കണക്ഷനുകള്‍ നല്‍കാനാകും. കണക്ഷന് നീട്ടിനല്‍കുന്നതിനായി അഞ്ച് കോടി രൂപയുടെ മറ്റൊരു പദ്ധതിയും നഗരസഭ നല്‍കിയിട്ടുണ്ട്.
നറുകര വില്ലേജിലെ മാര്യാട്, വീമ്പൂര്, നറുകര, അമ്പലപ്പടി, കരുവമ്പ്രം, രാമന്‍കുളം വാര്‍ഡുകളിലേക്കും പുല്ലൂര്‍, കിടങ്ങഴി എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കും പദ്ധതിയിലൂടെ വെള്ളമെത്തിക്കാനാകും. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിനായി അഡ്വ.യു.എ. ലത്തീഫ് എംഎല്‍എയും ജലവിഭവ മന്ത്രിയെ കണ്ടിരുന്നു. നഗരസഭ മൂന്നാം വാര്‍ഡ് കൗണ്‍സിലറായ ഹുസൈന് മേച്ചേരിയാണ് പദ്ധതിയുടെ കോണ്ടൂര് സര്‍വേ സൗജന്യമായി ചെയ്തത്.
എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതിക അനുമതിക്കായി അയയ്ക്കുമെന്ന് ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ പറഞ്ഞു. അടുത്ത വര്‍ഷം പദ്ധതി പൂര്‍ത്തിയാക്കി വീടുകളിലേക്ക് വെള്ളമെത്തിക്കാനുള്ള നടപടികള്‍ ചെയ്യുമെന്നും അവര്‍ പറഞ്ഞു. നഗരസഭയിലെ അഞ്ച് കുളങ്ങള്‍ നവീകരിക്കുന്നതിനായി 1.83 കോടി രൂപയും അമൃതില്‍ നിന്ന് ലഭിച്ചിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.