മഞ്ചേരി മെഡിക്കല്‍ കോളജ് : പരിശോധന ഫലം ഉടന്‍
1377351
Sunday, December 10, 2023 4:22 AM IST
മഞ്ചേരി : മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലാബ് പരിശോധന ഫലങ്ങള്‍ ഇനി അതിവേഗത്തില്‍ ലഭ്യമാകും. മെഡിക്കല്‍ കോളജ് ആശുപത്രി ലാബോറട്ടറിയില്‍ മണിക്കൂറില്‍ ആയിരം സാംപിള്‍ പരിശോധന നടത്താനുള്ള മെഷീന് സ്ഥാപിച്ചു.
ഫുള്ളി ഓട്ടോമാറ്റിക് അനലൈസര്‍ ആണ് സ്ഥാപിച്ചത്. 35 ലക്ഷം രൂപ ചെലവഴിച്ചാണ് നൂതന സംവിധാനം ഒരുക്കിയത്. ലാബ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഹോര്‍മോണ്‍ ഒഴികെയുള്ള ബയോ കെമിസ്ട്രി പരിശോധനകള്‍ പുതിയ യന്ത്രത്തിലൂടെ സാധ്യമാകും.
വേഗത്തില്‍ പരിശോധനാ ഫലം ലഭ്യമാകുമെന്നതാണ് പ്രത്യേകത. ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കാനും സാധിക്കും. ഒട്ടേറെ പരിശോധനകളുടെ ഫലത്തിനു നിലവിലുള്ള കാത്തിരിപ്പ് ഒഴിവാക്കാനാകും. പുതിയ യന്ത്രമായതിനാല്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്കിയ ശേഷമായിരിക്കും പ്രവര്‍ത്തനം തുടങ്ങുക.
പുതിയ യന്ത്രം എത്തിയതോടെ ബയോ കെമിസ്ട്രി വിഭാഗത്തിനു കീഴില്‍ രോഗനിര്‍ണയത്തിനുള്ള അത്യാധുനിക സൗകര്യമാണ് യാഥാര്‍ഥ്യമാകുന്നത്. നിലവിലെ യന്ത്ര സംവിധാനത്തില്‍ മണിക്കൂറില്‍ 300 സാംപിള്‍ ആണ് പരിശോധിക്കുന്നത്. യന്ത്രത്തിനു 15 വര്‍ഷത്തെ പഴക്കമുണ്ട്. ലാബ് പരിശോധനാ ഫലം ലഭിക്കാന്‍ കാലതാമസം നേരിടുന്നന്നത് വലിയ പരാതിക്ക് ഇടയാക്കിയിരുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എന്‍. ഗീത ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. ഷീന ലാല്‍, ഡോ. സജീവന്, ലാബ് ഇന്‍ ചാര്‍ജ് പി.യു അനിത, ലേ സെക്രട്ടറി വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.