കൂട്ടെഴുത്തിലൂടെ നാട്ടുവിശേഷവുമായി ഒന്നാം ക്ലാസുകാര്‍
1377348
Sunday, December 10, 2023 4:22 AM IST
ചെമ്മല : കുട്ടികളുടെ രചനാശേഷി വികസിപ്പിക്കുന്നതിനും നാടിനെക്കുറിച്ചുള്ള അറിവ് വിപുലപ്പെടുത്തുന്നതിനുമായി ചെമ്മല വൈഎംഎല്പി സ്കൂളിലെ ഒന്നാംക്ലാസിലെ വിദ്യാര്‍ഥികള്‍ നാട്ടുവിശേഷം കൂട്ടെഴുത്ത് രചന നടത്തി.
പൂന്തോട്ടം എന്നതാണ് രചനാ വിഷയമായി തെരഞ്ഞെടുത്തത്. ഗ്രൂപ്പുകളായാണ് പ്രവര്‍ത്തനം നടത്തിയത്. ഓരോ ഗ്രൂപ്പില്‍ നിന്നു ഓരോ കുട്ടികള്‍ അവതരണം നടത്തി. കുഞ്ഞെഴുത്ത് എന്നു നാമകരണം ചെയ്ത രചന സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രസിദ്ധീകരിച്ചു.
ആശയാവതരണ രീതിയിലെ ഭാഷാപഠനം പാഠപുസ്തകത്തില്‍ മാത്രം ഒതുങ്ങുന്നില്ല. കുട്ടികള്‍ സൃഷ്ടിക്കുന്ന പാഠങ്ങള്‍ ഉണ്ടാകണം. പരിചയപ്പെടുത്തിയ അക്ഷരങ്ങള്‍ പുതു സന്ദര്‍ഭത്തില്‍ പ്രയോഗിക്കാനും ആശയ പ്രകാശന വേളയില്‍ പുതിയ അക്ഷരങ്ങള്‍ ആവശ്യമായി വന്നാല്‍ അത് സ്വീകരിക്കാനും നാട്ടുവിശേഷം കൂട്ടെഴുത്ത് വഴിയൊരുക്കുമെന്നാണ് കണ്ടെത്തല്‍. സ്വന്തം രചനകള്‍, സഹപാഠികളുടെ രചനകള്‍ വായിച്ചു നോക്കി എഡിറ്റ് ചെയ്യാനുള്ള കഴിവ് വളര്‍ത്താനും കൂട്ടെഴുത്ത് സഹായിക്കും.
കുട്ടികളുടെ ഭാഷാവിഷ്കാരങ്ങള് ഒന്നാം ക്ലാസില്‍ നിന്ന് തന്നെ ആരംഭിക്കുന്നതിനും അത് വിപുലപ്പെടുത്തുന്നതിനുമാണ് ഭാഷോത്സവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂട്ടെഴുത്ത് രചന നടത്തിയത്.