നിലമ്പൂര്‍ ജില്ലാശുപത്രിയിലെ മലിനജലം റോഡിലേക്കെത്തുന്നു
1377347
Sunday, December 10, 2023 4:22 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ ഓവുചാലിലൂടെ മലിനജലം ഉള്‍പ്പെടെ കെഎന്‍ജി റോഡിലെ അഴുക്കുചാലിലേക്കു ഒഴുകിയെത്തുന്നു. ഗവണ്മെന്റ് യുപി സ്കൂളിന് സമീപത്തു കൂടിയുള്ള അഴുക്കുചാലിലൂടെയാണ് സദാസമയവും മലിനജലം കെഎന്‍ജി റോഡിലെ ഓവുചാലിലേക്ക് ഒഴുകിയെത്തുന്നത്.
ആയിരക്കണക്കിന് ജനങ്ങള്‍ വെള്ളത്തിനായി ആശ്രയിക്കുന്ന ചാലിയാര്‍ പുഴയിലേക്കാണ് ഈ മലിനജലം ഒഴുകിയെത്തുന്നത്. നിലമ്പൂര്‍ ടൗണ്‍ വികസനത്തിന്റെ ഭാഗമായി നിലവിലെ അഴുക്കുചാലിന്റെ സ്ലാബുകള്‍ തുറക്കുകയും സ്കൂളിനോടു ചേര്‍ന്നു വിട്ടുനല്‍കിയ സ്ഥലത്തു കൂടി പുതിയ അഴുക്കുചാല്‍ നിര്‍മാണം നടക്കുകയും ചെയ്യുന്ന ഭാഗത്താണ് മലിനജലം അടക്കം കെട്ടിനില്‍ക്കുന്നത്. ഈ ഭാഗത്തു കൊതുകുശല്യമേറിയിട്ടുണ്ട്.
മുമ്പു അഴുക്കുചാല്‍ അടഞ്ഞ കിടന്നതിനാല്‍ ഇതു ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പുതിയ സ്ലാബുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ മലിനജലം കെട്ടിനില്‍ക്കുകയാണ്. നിര്‍മാണം നടക്കുന്ന മാതൃശിശു കേന്ദ്രത്തിന്റെ പ്രവൃത്തിക്കായി ധാരാളം ജലം ഉപയോഗിക്കുന്നുണ്ട്. ഈ വെള്ളത്തിന്റെ ഒരു ഭാഗമാണ് ജില്ലാ ആശുപത്രിയുടെ അഴുക്കുചാലിലൂടെ കെഎന്‍ജി റോഡിലെ പണി നടന്നുവരുന്ന ഓവുചാലിലേക്ക് എത്തുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഒഴുകിയെത്തുന്ന വെള്ളത്തില്‍ മലിനജലവുമുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. മുമ്പും ഈ ഓവുചാലിലൂടെ ആശുപത്രിയിലെ മലിനജലം കെഎന്‍ജി റോഡിന്റെ അഴുക്കുചാലിലേക്കു എത്തിയിരുന്നു. വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാവുന്ന രീതിയില്‍ മലിനജലം ആശുപത്രിയുടെ ഓവുചാലിലൂടെ ഒഴുകിയെത്തുമ്പോഴും അധികൃതര്‍ മൗനം പാലിക്കുകയാണ്. ഇക്കാര്യത്തില്‍ എച്ച്എംസി അംഗങ്ങള്‍ക്കും മിണ്ടാട്ടമില്ല. ഈ ഓവുചാലിനോട് ചേര്‍ന്നുള്ള യുപി സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു മലിനജലം കെട്ടി നില്‍ക്കുന്നത് ഭീഷണിയുയര്‍ത്തുന്നുണ്ട്.