"പഠനത്തോടൊപ്പം ഡ്രൈവിംഗ് പരിശീലനവും അനിവാര്യം’
1377345
Sunday, December 10, 2023 4:22 AM IST
ചേറൂര്: പതിനെട്ടുവയസ് പൂര്‍ത്തിയാകുന്ന വിദ്യാര്‍ഥികള്‍ക്കു റോഡ് നിയമപഠനവും ഡ്രൈവിംഗ് പരിശീലനവും കൂടി ലഭിക്കുന്ന തരത്തില്‍ മാറ്റം അനിവാര്യമാണെന്ന് ഹയര്‍സെക്കന്‍ഡറി വിഭാഗം റീജിയണല്‍ ഡയറക്ടര്‍ ഡോ. പി.എം. അനില്‍ അഭിപ്രായപ്പെട്ടു.
ഒരു പുതിയ റോഡു സംസ്കാരം രൂപപ്പെടുത്താനുതകുന്ന രീതിയില്‍ "ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ് ’ എന്ന "റാഫി’ന്റെ ആപ്തവാക്യത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറം (റാഫ്) ചേറൂര് പിപിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മമാര്‍ക്കുമായി സംഘടിപ്പിച്ച റോഡു സുരക്ഷ ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസ റോഡ്സുരക്ഷ ലഘുലേഖ ടി. റഹിയാനത്തിനു നല്കി പ്രകാശനം ചെയ്തു. റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദു അധ്യക്ഷനായിരുന്നു. റാഫ് ഏരിയ പ്രസിഡന്റ് മുഹമദുകുട്ടി പറങ്ങോടത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി. അബ്ദുള്‍ അസീസ് ഹാജി, എ.കെ. ജയന്, ആവയില്‍ സുലൈമാന്‍, ഹെഡ്മാസ്റ്റര് പി. അബ്ദുള്‍ മജീദ്, ദാസന് കൈതക്കാട്ടില്‍, എന്‍.ടി. മൈമൂന, പി.കെ. കുട്ടി, പ്രിന്‍സിപ്പല്‍ കാപ്പന് അബ്ദുള്‍ ഗഫൂര്‍, സുരേഷ്ബാബു കാളങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.