ആദിവാസി ഭൂസമരം പി.വി. അന്‍വര്‍ എംഎല്‍എ പറയുന്നത് നുണ: ബിന്ദു വൈലാശേരി
1376951
Saturday, December 9, 2023 1:33 AM IST
നിലമ്പൂർ: നിലമ്പൂരിലെ ആദിവാസി ഭൂസമരത്തിനെതിരേ നിലമ്പൂര്‍ മണ്ഡലം എംഎല്‍എ പി.വി. അന്‍വര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനകള്‍ നട്ടാല്‍ മുളക്കാത്ത നുണകളാണെന്ന് സമരസമിതി നേതാവ് ബിന്ദു വൈലാശേരി.
നിലമ്പൂര്‍ ഐടിഡിപി ഓഫീസിന് സമീപം 210 ദിവസത്തിലേറെയായി സമരം നടത്തി വരുന്ന സമര നേതാവ് ബിന്ദു വൈലാശേരി ഇന്നലെ വാര്‍ത്താസമ്മേളനത്തിലാണ് എംഎല്‍എക്ക് മറുപടി നല്‍കിയത്.
നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ഒരു ആദിവാസിയും ഈ സമരത്തില്‍ ഇല്ലെന്നാണ് അന്‍വറിന്റെ ആരോപണം. 30 ആദിവാസികളാണ് സമരം തുടങ്ങിയതെന്നും അതില്‍ 14 പേര് ഭൂമി വാങ്ങിപ്പോയെന്നും 20 സെന്റ് ഭൂമി വാങ്ങിയവരാണ് ഇപ്പോള്‍ സമരം ചെയ്യുന്നതെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.
മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെയും പ്രദേശങ്ങളിലെയും 200 ല്‍ അധികം കുടുംബങ്ങളില്‍ നിന്നുള്ളവരാണ് സമരം ആരംഭിച്ചത്. അന്നുതന്നെ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതും പരിശോധിക്കാവുന്നതുമാണ്.
ഇതില്‍ ചിലര്‍ 20 സെന്റ് ഭൂമി സ്വീകരിച്ച് സമരത്തില്‍ നിന്നു പിന്മാറിയിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം പേരും 20 സെന്റ് സ്വീകരിക്കാതെ സുപ്രീം കോടതി വിധിപ്രകാരം തങ്ങള്‍ക്ക് അവകാശപ്പെട്ട ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ ഭൂമി അനുവദിക്കണം എന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു സമരത്തില്‍ തുടരുകയാണ്.
കളക്ടറുടെ നിര്‍ദേശപ്രകാരം രണ്ടു തവണ ഡെപ്യൂട്ടറി കളക്ടര്‍ സമരപ്പന്തലില്‍ വന്ന് ഒരേക്കര്‍ ഭൂമി നല്കാന് ആവശ്യമായ ഭൂമിയില്ല പരമാവധി 40 സെന്റ് വരെ അനുവദിക്കാമെന്നാണ് പറഞ്ഞത്. ഐടിഡിപി ഓഫീസ് ഇക്കാര്യം തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ല, ഞങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
താലൂക്ക് ഓഫീസറുടെയും നിലപാട് സമാനമാണ്. ആദിവാസികള്‍ക്ക് സ്വയം സമരം ചെയ്യാന്‍ അറിയില്ല. അവര്‍ക്ക് പിന്നില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം സമരങ്ങളെല്ലാം നടക്കുകയുള്ളൂവെന്ന വംശീയ മുന്‍വിധിയില്‍ നിന്നാണ് സമരം കോണ്‍ഗ്രസ് സ്പോണ്സര് ചെയ്യുന്നുവെന്നു പറയുന്നതെന്നും ബിന്ദു ചൂണ്ടിക്കാട്ടി.