മിമിക്രി വേദി കൈയടക്കി ആഭാന് അഷ്റഫ്
1376704
Friday, December 8, 2023 1:58 AM IST
കോട്ടക്കല്‍: മിമിക്രി കുടുംബത്തില്‍ നിന്നെത്തിയ ആഭാന് അഷ്റഫ് വേദി കൈയടക്കി. "കാന്താര’യുടെ പശ്ചാത്തല സംഗീതത്തില്‍ ആരംഭിച്ച് ചാന്ദ്രയാന്‍ വിക്ഷേപണത്തില്‍ മിമിക്രി അവസാനിച്ചപ്പോള്‍ ആഭാന് അഷ്റഫ് ഹൈസ്കൂള്‍ വിഭാഗം മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടി. മിമിക്രി കലാകാരനായ പിതാവ് കലാഭവന്‍ അഷ്റഫ് ആണ് ഗുരു.
രജനികാന്ത് ചിത്രം ജയ് ലറിലെ ടൈഗര്‍ കാ ഹുക്കും ഗാനവും വേദിയിലുയര്‍ന്നപ്പോള്‍ ആസ്വാദകര്‍ കരഘോഷത്തോടെ സ്വീകരിച്ചു. പഞ്ചാരിമേളവും അറബനമുട്ടും തുടങ്ങി നിരവധി ശബ്ദവ്യത്യാസങ്ങള്‍ വേദിയില്‍ നിറഞ്ഞൊഴുകി. കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
സഹോദരി തുടര്‍ച്ചയായ അഞ്ചുവര്‍ഷം മിമിക്രയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. കോമഡി ഉത്സവം, കോമഡി സര്‍ക്കസ് തുടങ്ങിയ ടെലിവിഷന്‍ പരിപാടികളില്‍ അഷ്റഫ് പങ്കെടുത്തിരുന്നു. ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ കടകശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ബുഷ്റയാണ് മാതാവ്.