ആവേശം തീര്‍ത്ത് കോല്‍ക്കളി
1376702
Friday, December 8, 2023 1:58 AM IST
കോട്ടക്കല്‍: ജില്ലാ സ്കൂള്‍ കലോത്സവം അഞ്ചാംദിനത്തിലേക്കു കടന്നപ്പോള്‍ വേദി നിറഞ്ഞൊഴുകി. ജനപ്രിയ ഇനമായ കോല്‍ക്കളി കാണാനായിരുന്നു ഏറെ പേര്‍ക്കും ഇഷ്ടം. നാടന്‍ കലാരൂപമായ കോല്‍ക്കളി വേദിയില്‍ നിറഞ്ഞാടുമ്പോള്ആവേശം കൊണ്ടു കാണികള്‍ കൈയടിച്ചു.
വേദി ഒന്നില്‍ നിറഞ്ഞ സദസിലാണ് ഹൈസ്കൂള്‍ വിഭാഗം കോല്‍ക്കളി മത്സരം അരങ്ങേറിയത്. രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വേദിയില്‍ വീറും വാശിയും നിറച്ചു കോല്‍ക്കളി മത്സരം തകര്‍ത്തപ്പോള്‍ സദസില്‍ അതിന്റെ അലയൊലികള്‍ ഉയര്‍ന്നു.
ഓരോ ടീമുകളും വേദിയില്‍ കയറുമ്പോള്‍ സദസില്‍ നിന്നു ആരവം മുഴങ്ങി. ഹൈസ്കൂള്‍ വിഭാഗം കോല്‍ക്കളിയിലെ താര ടീമുകളായ പികെഎംഎച്ച്എസ് എടരിക്കോട്, പിപിഎംഎച്ച്എസ്എസ് കൊട്ടുക്കര, ആതിഥേയരായ രാജാസ് സ്കൂള്‍, എകെഎംഎച്ച്എസ്എസ് കോട്ടൂര്‍ തുടങ്ങിയ 19 ടീമുകളാണ് മത്സരത്തിന് അണിനിരന്നത്. ഇഷ്ടടീമുകള്‍ക്കായി ആര്‍പ്പുവിളികള്‍ ഉയര്‍ന്നപ്പോള്‍ സദസിനെ പ്രകമ്പനം കൊള്ളിച്ചു.
ഒടുവില്‍ കൊട്ടുക്കര പിപിഎംഎച്ച്എസ്എസ് ഹൈസ്കൂള്‍ വിഭാഗത്തില്‍ ജേതാക്കളായി. മത്സരച്ചൂട് നല്കിയ കോല്‍ക്കളിയുടെ ഫലം സംഘാടകര്‍ പ്രഖ്യാപിച്ചത് വളരെ കരുതലോടെയാണ്. ഫലപ്രഖ്യാപനത്തിന് ശേഷം വിധികര്‍ത്താക്കളെ സംഘാടകര്‍ സുരക്ഷയൊരുക്കി വേദിയില്‍ നിന്നു മാറ്റുകയും ചെയ്തു.
ഹൈസ്കൂള്‍ വിഭാഗം മല്‍സരത്തിന് ശേഷം ഹയര്‍ സെക്കന്‍ഡറി വിഭാഗം കോല്‍ക്കളി മത്സരമാണ് വേദി ഒന്നില്‍ നടന്നത്. രാത്രി വൈകിയാണ് മല്‍സരം അവസാനിച്ചത്. 19 ടീമുകള്‍ എച്ച്എസ്എസ് വിഭാഗത്തിലും മത്സരിച്ചു. ആസ്വാദകര്‍ക്ക് നിറക്കാഴ്ചയൊരുക്കിയാണ് കോല്‍ക്കളി മല്‍സരം അവസാനിച്ചത്.