ജില്ലാ കലോത്സവത്തിനു ഇന്നു സമാപനം; മങ്കട തന്നെ മുന്നില്‍
1376701
Friday, December 8, 2023 1:58 AM IST
കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നുവരുന്ന മുപ്പത്തിനാലാമത് റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്നു സമാപനമാകും. കഴിഞ്ഞ അഞ്ചുദിവസം കലയുടെ പൂരപറമ്പാക്കി മാറ്റിയ കോട്ടയ്ക്കല്‍ രാജാസ് സ്കൂളിലെ വേദികള്‍ ആവേശക്കാഴ്ചകളുടേതായിരുന്നു.
കൗമാര കലോത്സവം ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായിരുന്നു. ഇന്നു ബാക്കിയുള്ള ഇനങ്ങളായ യുപി വിഭാഗം ഒപ്പന, ഹൈസ്കൂള്‍ വിഭാഗം ഭരതനാട്യം, നാടന്‍പാട്ട്, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി മാര്‍ഗംകളി, മൂകാഭിനയം, ഹയര്‍ സെക്കന്‍ഡറി ആണ്‍കുട്ടികളുടെ മോണോ ആക്ട്, ഹൈസ്കൂള്‍ വിഭാഗം മോണോ ആക്ട്, സംഘഗാനം, കഥാപ്രസംഗം എന്നിവ നടക്കും.
കലോത്സവത്തില്‍ 262 ഇനങ്ങളിലെ മത്സരം പൂര്‍ത്തിയായപ്പോള്‍ മങ്കട ഉപജില്ല 1094 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. 1007 പോയിന്റുമായി വേങ്ങര രണ്ടും 992 പോയിന്റുമായി കൊണ്ടോട്ടി ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. 958 പോയിന്റുമായി നിലമ്പൂര്‍ ഉപജില്ലയും പെരിന്തല്‍മണ്ണ ഉപജില്ലയും നാലാം സ്ഥാനത്തും 942 പോയിന്റുമായി മഞ്ചേരി ഉപജില്ല അഞ്ചാം സ്ഥാനത്തുമാണ്.