ഡോക്ടര്‍മാരുടെ നിസഹകരണ സമരം: വലഞ്ഞ് രോഗികള്‍
1376699
Friday, December 8, 2023 1:52 AM IST
മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരോഗ്യ വകുപ്പിനു കീഴിലുള്ള ഡോക്ടര്‍മാര്‍ നടത്തിയ നിസഹകരണ സമരത്തെ തുടര്‍ന്ന് രോഗികള്‍ വലഞ്ഞു. പല രോഗികളും നിരാശരായി മടങ്ങി. പലരും സ്വകാര്യ ആശുപത്രികളില്‍ അഭയം തേടി. ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ നിന്നും 12 ഡോക്ടര്‍മാരെ സ്ഥലം മാറ്റിയിരുന്നു.
ഇതോടെയുണ്ടായ ഡോക്ടര്‍മാരുടെ അഭാവം മൂലം ഇന്നലെ ഒപി ടിക്കറ്റ് നല്കുന്നതില് നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വരികയായിരുന്നു. ഇഎന്‍ടി, നേത്ര രോഗ വിഭാഗങ്ങളിലാണ് ഇന്നലെ നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇഎന്‍ടി വിഭാഗത്തില്‍ 150 പേര്‍ക്കാണ് ഒപി ടിക്കറ്റ് നല്‍കിയത്.
ഇന്നലെ ആശുപത്രിയില്‍ നടക്കേണ്ടിയിരുന്ന ഭിന്നശേഷി ക്യാമ്പും മുടങ്ങി. ഇതോടെ നിരവധി രോഗികള്‍ ചികിത്സ ലഭിക്കാതെ മടങ്ങി. സ്ഥലം മാറ്റിയതോടെ ഡോക്ടര്‍മാര്‍ അവധിയില്‍ പ്രവേശിച്ചു. ബാക്കിയുള്ള ഡോക്ടര്‍മാര്‍ പരിശോധിക്കുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് വരുത്തുകയും ചെയ്തു.
ശനിയാഴ്ച ശിശുരോഗ വിഭാഗത്തിലും ഡോക്ടര്‍മാരുടെ കുറവ് നേരിടും. ആരോഗ്യ വകുപ്പിന്റെ സ്ഥലംമാറ്റ നടപടി പൂര്‍ണമായി പിന്‍വലിച്ചില്ലെങ്കില്‍ കെജിഎംഒഎ നേതൃത്വത്തില്‍ ജില്ലയിലെ ഡോക്ടര്‍മാര്‍ 14നു ഒപി ബഹിഷ്കരിക്കാനാണ് തീരുമാനം.