കാട്ടാന ഭീതിയില്‍ മണ്ണുപ്പാടം പൊയ്ലായി മേഖല; ജനവാസ കേന്ദ്രത്തില്‍ കൃഷി നശിപ്പിച്ച് ചുള്ളികൊമ്പന്
1376696
Friday, December 8, 2023 1:52 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ മേഖലയില്‍ അപകടകാരിയായ ചുള്ളി കൊമ്പന് ഉള്‍പ്പെടെയുള്ള കാട്ടാനകള്‍ ഭീതി വിതക്കുമ്പോഴും ശാശ്വതമായ പരിഹാരം കാണാതെ വനം വകുപ്പ്.
കിടങ്ങുകളും വൈദ്യുതി വേലികളും തകര്‍ത്താണ് കാട്ടാനകള്‍ കൃഷി നാശം വരുത്തുന്നത്. വന്യമൃഗശല്യം രൂക്ഷമായ മേഖലകളില്‍ വനം വകുപ്പ് രാത്രി കാല പട്രോളിംഗിന് കൂടുതല്‍ ജീവനക്കാരെ നിയമിച്ചാല്‍ മാത്രമേ ജനങ്ങളുടെ ഭീതിയകറ്റാനാകു.
ചാലിയാര്‍ പഞ്ചായത്തിലെ മണ്ണുപ്പാടം, പൊയ് ലായി മേഖലയില്‍ ജനങ്ങള്‍ അര നൂറ്റാണ്ടിലേറെയായി താമസിച്ചു വരുന്ന പ്രദേശമാണ്. ഇവിടെയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കൃഷി നശിപ്പിക്കുന്നത്. വൈദ്യുതി വേലിയും മതിലും സംരക്ഷണ വേലികളും തകര്‍ത്താണ് ചുള്ളി കൊമ്പന് വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.
മാവുങ്കല്‍ സലീം, വേളക്കാടന്‍ അബ്ദുള്ള, മാവുങ്കല്‍ സക്കീന, മാവുങ്കല്‍ റംലത്ത് എന്നിവരുടെ കൃഷികളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ചുള്ളികൊമ്പന് നശിപ്പിച്ചത്. കായ്ഫലമുള്ള തെങ്ങുകള്‍, കമുകുകള്‍, വാഴകള്‍, കപ്പ എന്നിവയാണ് നശിപ്പിച്ചത്.
വീട്ടുമുറ്റങ്ങളിലെ കൃഷികള്‍ കൂടി നശിപ്പിച്ച് തുടങ്ങിയതായി അബ്ദുള്ളയും മുജീബും പറയുന്നു. പന്തീരായിരം വനമേഖലയില്‍ നിന്ന് വൈലാശ്ശേരി വഴി മഹാഗണി തോട്ടത്തിലൂടെ എത്തി നിലമ്പൂര്‍-നായാടംപൊയില്‍ മലയോരപാത മുറിച്ച് കടന്നാണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്കും വീട്ടുമുറ്റങ്ങളിലേക്കും എത്തുന്നത്.