എംഎല്‍എക്ക് മറുപടിയുമായി ആദിവാസി ഭൂസമര നേതാവ് ബിന്ദു വൈലാശ്ശേരി
1376694
Friday, December 8, 2023 1:52 AM IST
നിലമ്പൂര്‍: പി.വി. അന്‍വര്‍ എംഎല്‍എ തരം താഴ്ന്ന നുണ പ്രചരണമാണ് നടത്തുന്നതെന്ന് ബിന്ദു വൈലാശ്ശേരി. പെരുവമ്പാടം ആദിവാസി കോളനിയില്‍ തന്റെ ഭര്‍ത്താവിന് സര്‍ക്കാര്‍ വക നല്കിയ അഞ്ചു സെന്റ് സ്ഥലമുണ്ടെന്നാണ് പ്രചരണം.
എഴുപതോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന പെരുവമ്പാടം കോളനിയില്‍ സര്‍ക്കാര്‍ നല്കിയ ഒരു സെന്റ് ഭൂമിയെങ്കിലും ഉണ്ടെന്ന് എംഎല്‍എ തെളിയിച്ചാല്‍ സമരം പിന്‍വലിക്കാമെന്നും ഇക്കാര്യത്തില്‍ എംഎല്‍എയെ വെല്ലുവിളിക്കുകയാണെന്നും അവര്‍ പറഞ്ഞു.
നിലമ്പൂര്‍ മണ്ഡലത്തിലെ ഒറ്റ ആദിവാസി കുടുംബങ്ങള്‍ പോലും ബിന്ദുവിന്റെ സമരത്തില്‍ ഇല്ലെന്ന് എംഎല്‍എ പറഞ്ഞിട്ടുണ്ട്. എന്നാല്‍, നിലമ്പൂര്‍ മണ്ഡലത്തിലെ 70 കുടുംബങ്ങള്‍ തന്റെ സമരത്തിനൊപ്പം ഉണ്ട്.
വീടില്ലാത്ത ആദിവാസി കുടുംബങ്ങള്‍ ഇല്ലെന്ന നുണപ്രചരണം നടത്തുന്ന എംഎല്‍എ.ക്ക് വീടില്ലാത്ത കുടുംബങ്ങളെ കാണണമെങ്കില്‍ തന്റെ സമര പന്തലില്‍ എത്തിയാല്‍ മതിയെന്നും അവര്‍ പറഞ്ഞു. ആദിവാസി കൂട്ടായ്മ ഭൂസമര സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന രാപ്പകല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.