പെരിന്തല്‍മണ്ണ താലൂക്ക് നിക്ഷേപക സംഗമത്തില്‍ 70 കോടിയുടെ നിക്ഷേപ പ്രപ്പോസലുകള്‍
1376205
Wednesday, December 6, 2023 7:30 AM IST
പെരിന്തല്‍മണ്ണ: വ്യവസായ വാണിജ്യവകുപ്പിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ താലൂക്ക് വ്യവസായ ഓഫീസ് സംഘടിപ്പിച്ച താലൂക്ക് നിക്ഷേപക സംഗമം നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണയെ മലബാറിന്റെ സംരംഭക തലസ്ഥാനമാക്കി മാറ്റുുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പ്രാധാന്യം നല്കി വരുന്നതായും ഇന്ത്യയിലെ ആദ്യത്തെ ഡി2സി പാര്‍ക്ക് പെരിന്തല്‍മണ്ണയില്‍ ഉടനെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
60 നവ നിക്ഷേപകര്‍ പങ്കെടുത്ത് പ്രൊജക്ടുകള്‍ അവതരിപ്പിച്ചു. ഗാര്‍മെന്റ്സ്, ടൂറിസം, ഭക്ഷ്യസംസ്കരണം, ഫര്‍ണിച്ചര്‍, ഓട്ടോമൊബൈല്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലായി 70 കോടിയുടെ നിക്ഷേപവും 700 പേര്‍ക്ക് തൊഴിലും ലഭിക്കുന്ന പ്രാപ്പോസലുകളാണ് അവതരിപ്പിക്കപ്പെട്ടത്. വ്യവസായ വികസന ഓഫീസര്‍മാരായ സി.ടി. ഷിഹാബുല്‍ അക്ബര്‍, എ.പി. ജുവൈരിയ, ഇഡി.ഇമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
മുനിസിപ്പല്‍ ചെയര്മാന് പി. ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുള്‍കരീം, സബ് കളക്ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.ആര്. സോജന് മുഖ്യപ്രഭാഷണം നടത്തി. കേരള ചെറുകിട വ്യവസായ അസോസിയേഷന് താലൂക്ക് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന്, മര്‍ച്ചന്റ് അസോസിയേഷന് യൂണിറ്റ് പ്രസിഡന്റ് പി.ടി.എസ്. മൂസു, വ്യാപാരി വ്യവസായ സമിതി ഏരിയ സെക്രട്ടറി പി.പി. അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു. താലൂക്കിലെ മികച്ച സംരംഭമായി തെരഞ്ഞെടുത്ത യുഹാബ് ക്രാഫ്റ്റിംഗ് എല്‍എല്‍പി, മികച്ച ബാങ്ക് കേരള ഗ്രാമീണ്‍ ബാങ്ക് കൂട്ടിലങ്ങാടി ശാഖ, മികച്ച ഇഡി ക്ലബ് അല്‍ശിഫ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് എന്നിവക്കു അവാര്‍ഡുകള്‍ നല്കി. ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ മുഖാമുഖത്തില്‍ നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ എം. മുഹമ്മദ് റിയാസ് നേതൃത്വം നല്കി. ശ്രീകാന്ത് എസ്. മേനോന്, ഡെപ്യൂട്ടി മാനേജര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,
സനീഷ് എച്ച്സി ഡിവിഷണല്‍ മാനേജര്‍ (എംഎസ്എംഇ സുലഭ്) കാനറാ ബാങ്ക്, സഞ്ജു ജോണ്‍ സീനിയര്‍ മാനേജര്‍ കേരളാ ഗ്രാമീണ്‍ ബാങ്ക്, ടി. രാജ്കുമാര് തുടങ്ങിയവര്‍ പ്രസംഗിച്ചു.