സഹപാഠിയുടെ രക്ഷിതാവിന്റെ ചികിത്സക്ക് വിദ്യാര്‍ഥികളുടെ സഹായഹസ്തം
1376204
Wednesday, December 6, 2023 7:30 AM IST
മേലാറ്റൂര്‍: സഹപാഠിയുടെ രക്ഷിതാവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിനു ബിരിയാണി ചലഞ്ച് നടത്തി വിദ്യാര്‍ഥികളുടെ മാതൃക. മേലാറ്റൂര്‍ ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് മേലാറ്റൂര്‍ ഉച്ചാരക്കടവിലെ പിലായിത്തൊടി അന്‍വറിന്റെ ചികിത്സക്കായി ബിരിയാണി ചലഞ്ച് നടത്തി പണം സമാഹരിച്ചത്.
സമീപത്തെ സ്കൂളുകള്‍, സ്ഥാപനങ്ങള്‍, നാട്ടുകാര്‍, ആര്‍എംഎച്ച്എസ് സ്കൂള്‍ പിടിഎ, മാനേജ്മെന്റ്, അധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എന്‍എസ്എസ് യൂണിറ്റ് ബിരിയാണി ചലഞ്ചുമായി മുന്നിട്ടിറങ്ങിയത്. 3000ത്തോളം ഓര്‍ഡറുകളാണ് ലഭിച്ചത്. തുടക്കത്തില്‍ വിദ്യാലയത്തിനകത്ത് മാത്രം ഒതുങ്ങിനിന്ന രൂപത്തിലാണ് ബിരിയാണി ചലഞ്ച്
ആസൂത്രണം ചെയ്തിരുന്നതെങ്കിലും എല്ലാ മേഖലകളില്‍ നിന്നുമുള്ള പിന്തുണ ലഭിച്ചതോടെ വന്‍ വിജയമായി.
മേലാറ്റൂരിലും പരിസരത്തുമുള്ള വിദ്യാലയങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൂര്‍വവിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ ഉള്‍പ്പെടെ ചലഞ്ചില്‍ പങ്കാളികളായി. സമാഹരിച്ച തുക അടുത്തദിവസം കുടുംബത്തിനു കൈമാറും. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇഖ്ബാല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ മേലാറ്റൂര്‍ പത്മനാഭന്, പ്രിന്‍സിപ്പല്‍ വി.വി. വിനോദ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കവിത ബിജു, അധ്യാപകരായ അനൂപ് മാത്യു, ജിതേഷ്, ഉഷ, അമ്പിളി, അബ്ദുള്ള, ഇല്യാസ്, ശ്രീരാജ്, ജയേഷ്, എന്‍എസ്എസ് വോളണ്ടിയര്‍മാരായ അമല്‍, നിഹാല്‍, ഷംവീല്‍, അതുല്‍, അഭിഷേക്, ചികിത്സാ കമ്മിറ്റി ചെയര്മാന് അസ്കര്‍ കെല്ക്കോ, കോയ ഒലിപ്പുഴ എന്നിവര്‍ നേതൃത്വം നല്കി. കിഴക്കുംപാടം കുഞ്ഞിപ്പയാണ് ബിരിയാണി തയാറാക്കിയത്. വി.കെ. അബ്ദുള്‍ റവൂഫ് ഓഡിറ്റോറിയം സൗജന്യമായി വിട്ടുനല്‍കി.