ആദിവാസി ഭൂസമരത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കും: ആര്യാടന് ഷൗക്കത്ത്
1376026
Tuesday, December 5, 2023 6:50 AM IST
നിലമ്പൂര്‍: നിലമ്പൂരിലെ ആദിവാസി ഭൂസമരത്തിനു പിന്തുണയുമായി കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് സമരവേദിയിലെത്തി. സമരം അടിച്ചമര്‍ത്താന്‍ നിലമ്പൂര്‍ എംഎല്‍എയും അധികൃതരും ശ്രമിച്ചാല്‍ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ഷൗക്കത്ത് പ്രഖ്യാപിച്ചു. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിന് എതിര്‍വശത്തുള്ള നിലമ്പൂര്‍
ഐടിഡിപി ഓഫീസിന് മുന്നില്‍ ഏഴുമാസമായി ഭൂസമരം നടത്തുന്ന ആദിവാസികള്‍ക്ക് പിന്തുണയുമായി ഒരു കോണ്‍ഗ്രസ് നേതാവ് ആദ്യമായാണ് സമര വേദിയിലെത്തുന്നത്.
സമരം ആര്യാടന് ഷൗക്കത്തും പി.കെ. ബഷീര്‍ എംഎല്‍എയും സ്പോണ്സര് ചെയ്തതാണെന്ന് പി.വി. അന്‍വര്‍ എംഎല്‍എ അഭിപ്രായപ്പെട്ടതിനു ശേഷമാണ് ആദ്യമായി ആര്യാടന് ഷൗക്കത്ത് സമര വേദിയിലെത്തിയതെന്നതും ശ്രദ്ധേയമാണ്.
സര്‍ക്കാരിനെതിരേയുള്ള ആദിവാസി ഭൂസമരം 210 ദിവസമായി നീണ്ടെങ്കിലും പി.വി. അബ്ദുള്‍ വഹാബ് എംപി മാത്രമാണ് ഇതിനു മുമ്പ് സമരവേദിയിലെത്തിയ യുഡിഎഫ് നേതാവ്. തിങ്കളാഴ്ച രാത്രി സമരവേദിയിലെത്തിയ ആര്യാടന് ഷൗക്കത്ത് സമരം നയിക്കുന്ന ബിന്ദു വൈലാശേരി, സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏകദിന ഉപവാസ സമരം നടത്തുന്ന പ്രമുഖ മുനുഷ്യാവകാശ പ്രവര്‍ത്തകരായ ഗ്രോ വാസു, മോയിന്‍ ബാപ്പു എന്നിവരുമായും ചര്‍ച്ച നടത്തി.