കാട്ടുപോത്ത് വേട്ട: മുഖ്യപ്രതി കീഴടങ്ങി
1376023
Tuesday, December 5, 2023 6:50 AM IST
നിലമ്പൂര്‍: കാട്ടുപോത്തിനെ വേട്ടയാടിയ കേസിലെ മുഖ്യപ്രതി മഞ്ചേരി വനം കോടതിയില്‍ കീഴടങ്ങി.വഴിക്കടവ് നാരേക്കാവ് തെറ്റത്ത് ഇഖ്ബാല്‍ (29) ആണ് മഞ്ചേരി വനം കോടതിയില്‍ കീഴടങ്ങിയത്. കോടതിയില്‍ നിന്നു കേസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ 23നാണ് കാട്ടുപോത്തിന്റെ ഇറച്ചിയുമായി രണ്ടുപേര്‍ വനം വകുപ്പിന്റെ പിടിയിലായത്. മൂത്തേടം ചീനിക്കുന്ന് സ്വദേശി വിനോദ്, കല്‍ക്കുളം സ്വദേശി അസീസ് എന്നിവരെയാണ് പടുക്ക ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തില്‍ അന്ന് പിടികൂടിയിരുന്നത്.
ഇവരുടെ വീടുകളില്‍ നിന്നു 15 കിലോയോളം കാട്ടുപോത്തിന്റെ ഇറച്ചിയും ഇറച്ചി കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിരുന്നു. ഇഖ്ബാല്‍ ഉള്‍പ്പെടെ വേട്ട സംഘത്തിലെ നാലുപേര്‍ ഒളിവില്‍ പോയിരുന്നു.
ബാക്കിയുള്ള മൂന്നു പേര്‍ക്കായി വനംവകുപ്പ് അന്വേഷണം തുടരുകയാണ്. കാട്ടുപോത്തിനെ വേട്ടയാടാന്‍ ഉപയോഗിച്ച തോക്ക് ഇനിയും കണ്ടെടുത്തിട്ടില്ല.