വിദ്യാര്‍ഥികള്‍ക്കു യുഎസ്എസ് പരിശീലനവുമായി മലപ്പുറം നഗരസഭ
1375788
Monday, December 4, 2023 6:27 AM IST
മലപ്പുറം: വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രോത്സാഹന പരിപോഷണ പരിപാടികള്‍ നടപ്പാക്കി സംസ്ഥാനത്ത് മാതൃക സൃഷ്ടിച്ച മലപ്പുറം നഗരസഭയുടെ നേതൃത്വത്തില്‍ യുഎസ്എസ് പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.
നഗരസഭ പ്രദേശത്തെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ ഒമ്പതു യുപി സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി പരിശീലനം നല്കുന്ന പദ്ധതിയാണിത്.
നഗരസഭ പ്രദേശത്തെ മുഴുവന്‍ യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുഎസ്എസ് പരിശീലനം, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എന്‍എംഎംഎസ് പരിശീലനം, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സിയുഇടി പരിശീലനം തുടങ്ങിയവക്കുള്ള ഫീസ് നഗരസഭ വഹിച്ച് ശ്രദ്ധേയമായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ യുഎസ്എസ് നേടിയതും കേന്ദ്ര സര്‍വകലാശാല പ്രവേശനം നേടിയതും മലപ്പുറം നഗരസഭയില്‍ നിന്നാണ്. മലപ്പുറം നഗരസഭ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികള്‍ സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നു യുഎസ്എസ് പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു പി. ഉബൈദുള്ള എംഎല്‍എ പറഞ്ഞു.
നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന യുഎസ്എസ് പരിശീലന പദ്ധതിക്ക് നഗരസഭാ പ്രദേശത്തെ ഒമ്പത് സ്കൂളുകളില്‍ നിന്നായി 580 വിദ്യാര്‍ഥികളാണ് അപേക്ഷിച്ചിട്ടുള്ളത്. അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും സൗജന്യമായി പരിശീലനം നല്‍കും. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നടത്തിയ പരിശീലനത്തിലൂടെ 102 വിദ്യാര്‍ഥികള്‍ യുഎസ്എസ് സ്കോളര്‍ഷിപ്പ് നേടിയിരുന്നു. ചടങ്ങില്‍ നഗരസഭ ചെയര്മാന് മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.കെ.അബ്ദുള്‍ ഹക്കീം, പി.കെ. സക്കീര്‍ ഹുസൈന്, സിദ്ദീഖ് നൂറേങ്ങല്‍, മറിയുമ്മ ശരീഫ് കോണോത്തൊടി, സി.പി. ആയിഷാബി, നഗരസഭ കൗണ്‍സിലര്‍മാരായ സജീര്‍ കളപ്പാടന്‍, സി.കെ സഹീര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് റിസോഴ്സ് പേഴ്സണ്‍ ജിയാസ് മുഹമ്മദ്, പദ്ധതി കോ ഓര്‍ഡിനേറ്റര്‍ എം. ജൗഹര്‍ എന്നിവര്‍ പ്രസംഗിച്ചു.