വീട്ടിക്കുന്ന് ജലനിധി പദ്ധതി നിലച്ചിട്ട് രണ്ട് മാസം
1375787
Monday, December 4, 2023 6:27 AM IST
കരുവാരകുണ്ട്: കരുവാരകുണ്ടില്‍ പ്രവര്‍ത്തിക്കുന്ന ജലനിധിയുടെ ശുദ്ധജല പദ്ധതി താളം തെറ്റുന്നു. വീട്ടിക്കുന്ന് ജലനിധി പദ്ധതി നിലച്ചിട്ട് രണ്ടു മാസമായി. 20 എച്ച്പിയുടെ രണ്ടു മോട്ടോറുകളും തകരാറിലായിരിക്കുകയാണ്. 500 കുടുംബങ്ങളാണ് ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നത്. പനഞ്ചോല, ഇരിങ്ങാട്ടിരി, ചുള്ളിയോട്, പുത്തനഴി, പുന്നക്കാട് വാര്‍ഡുകളില്‍ വെള്ളമെത്തിക്കുന്ന പദ്ധതിയാണിത്. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ് വീട്ടിക്കുന്ന് ജലനിധി പദ്ധതിക്കു കീഴിലുള്ളത്.
എന്നാല്‍ വെള്ളം ലഭിച്ചാല്‍ തന്നെ മലിനജലമാണെന്നും പരാതി ഉയരുന്നുണ്ട്. കരുവാരകുണ്ട് ജലനിധി പദ്ധതിക്കു വേണ്ടി ഉപയോഗിച്ച മോട്ടോറുകളും പൈപ്പുകളും മറ്റ് ഉപകരണങ്ങളും നിലവാരം കുറഞ്ഞവയായിരുന്നുവെന്നു നേരത്തെ തന്നെ ജനങ്ങളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.
പ്രശ്ന പരിഹാരത്തിന് ജലവിതരണവുമായി ബന്ധപ്പെട്ട ജീവനക്കാരെ ഫോണില്‍ ബന്ധപ്പെട്ടാല്‍ ഒരിക്കലും ഫോണെടുക്കാറില്ലെന്നും ജനങ്ങള്‍ പറയുന്നു. ജലനിധി പദ്ധതി വഴി ലഭിക്കുന്ന വെള്ളം ശുദ്ധീകരിക്കാതെ പുഴവെള്ളം നേരിട്ട് പമ്പ് ചെയ്യുന്നതാണെന്നും ആക്ഷേപമുണ്ട്. മലിനജലത്തിന്റെ ഉപയോഗം വഴി കൊച്ചുകുട്ടികളിലടക്കം സാംക്രമിക രോഗങ്ങള്‍ പിടിപെടുന്നു.
എന്നാല്‍ മാസവരി ക്രമം തെറ്റാതെ പിരിക്കാറുണ്ടെന്നും ഗുണഭോക്താക്കള്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ സ്ഥിതിയും മറിച്ചല്ലായിരുന്നു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍ ശുദ്ധജല പ്രശ്നം പരിഹരിക്കുന്നതിന് ഒമ്പതരകോടി രൂപ ചെലവഴിച്ച് 2015ല്‍ നടപ്പാക്കിയ ജലനിധി പദ്ധതി വഴി ഗുണഭോക്താക്കളെ വര്‍ഷത്തോളം കുടിപ്പിച്ച വെള്ളം മലിനമായിരുന്നുവെന്ന് ജലനിധി വകുപ്പധികൃതര്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.