മത്സര പരീക്ഷ പരിശീലനത്തിന് മുന്നൊരുക്കം വേണം: എംഎല്‍എ
1375559
Sunday, December 3, 2023 7:11 AM IST
മങ്കട: അര്‍പ്പണ ബോധത്തോടെയുള്ള മുന്നൊരുക്കുങ്ങളും ആത്മവിശ്വാസത്തോടെയുള്ള പഠനവും ഉണ്ടായാല്‍ ഏതു മത്സര പരീക്ഷകളെയും ഭയം കൂടാതെ അഭിമുഖീകരിക്കാമെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ പറഞ്ഞു. മങ്കട മണ്ഡലത്തിലെ ഹൈസ്കൂളുകളില്‍ നിന്നു ഈ അധ്യയന വര്‍ഷം നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അങ്ങാടിപ്പുറം നാരായണമേനോന് ഹാളില്‍ നടന്ന ചടങ്ങില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഈദ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വാക്കാട്ടില്‍ സുനില്‍ ബാബു, വാര്‍ഡ് മെംബര്‍ ശിഹാബ്, ഹാരിസ് കളത്തില്‍, കെ.എസ്. അനീഷ്, സൈലം റീജിയണല്‍ മാനേജര്‍ ദീപക് മാധവന്, കെ. ഫെബിന്, പി.എ. ഫസല്‍, ജിത്തു കാവുങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു. തീവ്രപരിശീലന പരിപാടി സൈലം ഫാക്കല്‍റ്റി മെംബര്‍മാരായ എം. ആദര്‍ശ്, ഷാഹിദ് റംസാന് അമീന് എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു. 300 ല്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.