‘ഹരിതകര്‍മ സേനക്ക്എതിരായ പ്രചാരണം കളക്ടര്‍ അന്വേഷിക്കണം’
1375558
Sunday, December 3, 2023 7:11 AM IST
മലപ്പുറം: വളവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ സേനക്കെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്ന വ്യാജേന ഒരാള്‍ തെറ്റായ ഓഡിയോ പ്രചാരണം നടത്തുന്നുവെന്ന പരാതി ജില്ലാ കളക്ടര്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥാണ് നിര്‍ദേശം നല്‍കിയത്.15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. മലപ്പുറത്ത് അടുത്തമാസം നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
മലപ്പുറം കന്മനം സ്വദേശിയായ അബ്ദുള്‍ മജീദിനെതിരേയാണ് പരാതി. ഹരിതകര്‍മ സേനക്ക് യൂസര്‍ ഫീ നല്‍കരുതെന്നും പ്ലാസ്റ്റിക് കൈമാറരുതെന്നും ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകള്‍ ഇല്ലെന്നും ഇദ്ദേഹം പ്രചരിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. നാട്ടുകാര്‍ യൂസര്‍ ഫീസും പ്ലാസ്റ്റിക്കും നല്കാന് വിസമ്മതിക്കുന്നു. വാതില്‍പ്പടി സേവനത്തിന്റെ ഭാഗമായി വീടുകളിലെത്തുന്ന തങ്ങളെ യാചകരായി അഭിസംബോധന ചെയ്തു. തങ്ങളുടെ ഉപജീവനമാര്‍ഗം ഇതിനാല്‍ ഇല്ലാതായതായും വളവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിമ കര്‍മ സേനക്ക് വേണ്ടി പ്രസിഡന്റ് ബേബി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.