കനത്ത മഴയിലും ആവേശം ചോരാതെ ജനസാഗരം തീര്‍ത്ത് നിലമ്പൂര്‍ മണ്ഡലം നവകേരള സദസ്
1374968
Friday, December 1, 2023 7:28 AM IST
എടക്കര: കനത്ത മഴയിലും നിലമ്പൂര്‍ മണ്ഡലത്തിലെ നവകേരള സദസിലേക്ക് ഒഴികിയെത്തിയത് പതിനായിരങ്ങള്‍. നിലമ്പൂര്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം ജനപങ്കാളിത്തമാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരവേല്‍ക്കാന്‍ വഴിക്കടവിലെ മുണ്ട മൈതാനത്ത് എത്തിച്ചേര്‍ന്നത്.
മൂന്നരക്ക് മുഖ്യമന്ത്രിയും സംഘവും മുണ്ടയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഒന്നര മണിക്കൂറോളം വൈകിയാണ് അദ്ദേഹമെത്തിയത്. ഇതിന് മുന്നേടിയായി കൃഷി വകുപ്പ് മന്ത്രി പി.എസ്. പ്രസാദ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, മന്ത്രി സജി ചെറിയാന്, അരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ വേദിയിലെത്തിയിരുന്നു. ഈ സമയം ആരംഭിച്ച കനത്ത മഴ മുഖ്യമന്ത്രിയുടെ ഉദ്ഘാടനം കഴിയുവോളം തുടര്‍ന്നു.
പ്രതീക്ഷിക്കാതെയെത്തിയ കനത്ത മഴയെപ്പോലും അവഗണിച്ചായിരുന്നു ജനങ്ങള്‍ നവകേരള സദസിനെ എതിരേറ്റത്. വേദിയുടെ മുന്‍ഭാഗം മുഴുവന്‍ വെള്ളത്തില്‍ നിറഞ്ഞിരുന്നു. മൂന്നരക്ക് ആരംഭിക്കുന്ന സദസിലേക്ക് രാവിലെ തന്നെ ആവേശത്തോടെ ജനങ്ങള്‍ എത്തിത്തുടങ്ങി. 25000 ആളുകള്‍ക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും അതും നിറഞ്ഞു കവിഞ്ഞു. വീണ്ടും കസേരകള്‍ എത്തിച്ചിട്ടും മൈതാനത്തിന് പുറത്തേക്ക് കവിയുന്ന ജനസാഗരമാണ് മന്ത്രിസഭയെ വരവേറ്റത്.