സ്കൂള്‍ ബസ് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ടു പ്രധാനാധ്യാപകനെ ഉപരോധിച്ചു
1374682
Thursday, November 30, 2023 7:16 AM IST
നിലമ്പൂര്‍: നവകേരള യാത്രയ്ക്ക് സ്കൂള്‍ ബസുകള്‍ വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് സ്കൂള്‍ പ്രധാനാധ്യാപകനെ ഉപരോധിച്ചു.
ഹൈക്കോടതിയുടെ ഉത്തരവ് മറികടന്ന് സ്കൂള്‍ ബസുകള്‍ വിട്ടുകൊടുക്കണമെന്നു ആവശ്യപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും ബസുകള്‍ വിട്ടു കൊടുത്താല്‍ തടയുമെന്നും മുസ്ലിം യൂത്ത് ലീഗ് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി അറിയിച്ചു. ഇക്കാര്യം ഉന്നയിച്ചു യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ മാനവേദന് ഹൈസ്കൂള്‍ പ്രധാനാധ്യാപകനെ ഉപരോധിച്ചു.
കോടതി ഉത്തരവ് മറികടന്നു ബസ് വിട്ടുനല്‍കിയാല്‍ ബസിന്റെ ആര്‍സി ഉടമക്കെതിരേയും സ്കൂളിന്റെ ഉത്തരവാദിത്തപ്പെട്ടവര്ക്കെതിരേയും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും യൂത്ത് ലീഗ് അറിയിച്ചു.
ഉപരോധ സമരത്തില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ അണക്കായി, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷുഹൈബ് കോഴിക്കോടന്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി റഷീദ് എറത്താലി, യൂത്ത് ലീഗ് ഖജാന്‍ജി ഇബ്നു സാദിഖ്, യൂത്ത് ലീഗ് വൈസ് പ്രസിഡന്റുമാരായ വാജിദ് പള്ളിയാളി, യൂനുസ് കണ്ണത്ത്, എം.എസ്.എഫ് പ്രസിഡന്റ് റസല്‍ ചെറുകാട് എന്നിവര്‍ നേതൃത്വം നല്കി.