നിലമ്പൂര്‍ മണ്ഡലം നവകേരള സദസ് ഇന്ന്; പ്രതീക്ഷയോടെ മലയോരം
1374677
Thursday, November 30, 2023 7:16 AM IST
എടക്കര: മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലം നവകേരള സദസ് ഇന്ന് വഴിക്കടവ് മുണ്ടയില്‍ നടക്കുമ്പോള്‍ മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകര്‍ കാലങ്ങളായി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ്.
വഴിക്കടവ്, എടക്കര, മൂത്തേടം, പോത്തുകല്‍, ചുങ്കത്തറ എന്നീ നാല് പഞ്ചായത്തുകളിലെ ജനങ്ങള്‍ നേരിടുന്ന പ്രധാനപ്രശ്നം വന്യമൃഗശല്യമാണ്. വനാതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമപഞ്ചായത്തുകളില്‍ ആന, പുലി, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യംമൂലം കൃഷി അസാധ്യമായെന്ന് മാത്രമല്ല, ജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളത്.
രാവും പകലും വ്യത്യാസമില്ലാതെ കൃഷിയടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങള്‍ മനുഷ്യരുടെ ജീവന് ഭീഷണിയായി മാറിയ സാഹചര്യമാണ് മലയോര മേഖലയിലുള്ളത്.
നിരവധി വിഷയങ്ങളില്‍ കാലങ്ങളായി മലയോര മേഖലയിലെ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നിവേദനങ്ങളും പരാതികളും നല്‍കിയിട്ടും നടപടികള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല പരിഹാരം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണുണ്ടായത്.
ഇന്ന് മുണ്ടയില്‍ നടക്കുന്ന നവകേരള സദസില്‍ മേഖലയുടെ പൊതുവായ പ്രശ്നങ്ങള്‍ക്കും ജനങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുമെന്ന ശുഭപ്രതിക്ഷയിലാണ് ജനങ്ങള്‍.