നിറഞ്ഞ സദസുകള്‍ വസ്തുതകള്‍ ജനങ്ങള്‍ മനസിലാക്കുന്നതിന്റെ നേര്‍സാക്ഷ്യം: മുഖ്യമന്ത്രി
1374491
Wednesday, November 29, 2023 8:26 AM IST
തേഞ്ഞിപ്പലം: വസ്തുതകള്‍ പൊതുജനം മനസിലാക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് നവകേരള സദസിന് ലഭിക്കുന്ന മികച്ച വരവേല്‍പ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലിക്കട്ട് സര്‍വകലാശാല ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വള്ളിക്കുന്ന് മണ്ഡലം നവകേരള സദസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ ഉന്നമനത്തിന് സ്വീകരിച്ച നടപടികള്‍ക്ക് തടസം സൃഷ്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ പരിപാടി ബഹിഷ്കരിക്കേണ്ട ആവശ്യം ആര്‍ക്കുമില്ല. 2006, 2011 വര്‍ഷം സംസ്ഥാനത്തെ നികുതി വളര്‍ച്ച 23.24 ശതമാനമായിരുന്നു. ഇത് 2011ലെ സര്‍ക്കാര്‍ വന്നപ്പോള്‍ കുത്തനെ കുറഞ്ഞു. അധിക വായ്പ എടുക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടമായത്. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മുന്‍ സര്‍ക്കാര്‍ വരുത്തിവച്ച സാമ്പത്തിക കുടിശിക അടക്കമുള്ള ബാധ്യതകളാണ് ഏറ്റെടുക്കേണ്ടി വന്നത്.
ആ അവസ്ഥയില്‍ നിന്നാണ് ഓഖി, പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ ദുരന്തമുഖങ്ങള്‍ കൂടി സര്‍ക്കാര്‍ അതിജീവിച്ചത്. കുടിശികയടക്കം സാമൂഹികക്ഷേമ പെന്ഷന് തുക എല്ലാം കൊടുത്തുതീര്‍ത്തു.
സംസ്ഥാനത്ത് എണ്ണമറ്റ വികസനം നടപ്പാക്കി. കേരളത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ സര്‍ക്കാരിനു പൂര്‍ണ പിന്തുണ അറിയിച്ചാണ് പൊതുജനങ്ങള്‍ ഒപ്പം നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘാടക സമിതി ചെയര്‍മാനും കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സിലറുമായ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ എം.ബി രാജേഷ്, കെ. കൃഷ്ണന്‍കുട്ടി, ജെ.ചിഞ്ചുറാണി, വള്ളിക്കുന്ന് മണ്ഡലം നോഡല്‍ ഓഫീസറും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുമായ ആര്. ദിനേശ്, തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.